രാജസ്ഥാനിൽ റെയിൽ പാതയിൽ സ്ഫോടനം; പാക് ബന്ധമുള്ള യുവതിയടക്കം രണ്ടുപേർ പിടിയിൽ

ജയ്പൂർ: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പാക് ബന്ധമുള്ള യുവതിയടക്കം രണ്ടുപേരെ പഞ്ചാബിൽനിന്ന് അറസ്റ്റ് ചെയ്തു. ഗുർദാസ്പുർ സ്വദേശികളായ മഹക്ദീപ് കൗർ (21), ദേവീന്ദർ സിങ് (22) എന്നിവരെയാണ് രാജസ്ഥാൻ ഭീകരവിരുദ്ധ സേനയും ശ്രീഗംഗാനഗർ പൊലീസും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ പിടികൂടിയത്. സംഭവത്തിനുപിന്നിൽ പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.

നവംബർ മൂന്നിനാണ് ശ്രീഗംഗാനഗർ ജില്ലയിലെ ഗ്രാമത്തിനു സമീപം അനൂപ്ഗഢ്-സൂറത്ത്ഗഢ് റെയിൽവേ പാതയിൽ സ്ഫോടനമുണ്ടായത്. പാസഞ്ചർ ട്രെയിൻ കടന്നുപോയതിന് പിന്നാലെയായിരുന്നു സ്ഫോടനം. റെയിൽവേ ട്രാക്കിന് താങ്ങായ രണ്ട് കോൺക്രീറ്റ് തൂണുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും രണ്ടടി ആഴത്തിൽ കുഴി രൂപപ്പെടുകയും ചെയ്തു. ട്രെയിൻ കടന്നുപോകുന്നതിന് മുമ്പായിരുന്നു സ്ഫോടനമെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ.

പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ചാച്ച', 'ഷാ' എന്നീ പേരുകളിൽ അറിയപ്പെടുന്ന രണ്ട് ഹാൻഡിലർമാരുമായി അറസ്റ്റിലായ മഹക്ദീപ് കൗർ ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു. പ്രണയബന്ധം നടിച്ച് അടുപ്പം സ്ഥാപിക്കുകയും പണം വാഗ്ദാനം ചെയ്ത് യുവതിയെ സ്ഫോടനത്തിന് പ്രേരിപ്പിക്കുകയുമായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സ്ഫോടനം നടത്താൻ യുവതിക്ക് പണം ലഭിച്ചതായും പൊലീസ് അറിയിച്ചു.

യുവതിയിൽനിന്ന് രണ്ട് തോക്കുകളും 46 വെടിയുണ്ടകളും 30,000 രൂപയും പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്ക് താമസസൗകര്യം ഒരുക്കുകയും മോട്ടോർ സൈക്കിൾ നൽകുകയും സംഭവസ്ഥലത്തേക്ക് എത്തിക്കാൻ സഹായിക്കുകയും ചെയ്തുവെന്ന് സംശയിക്കുന്ന മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനത്തിനുപിന്നിലെ കൂടുതൽ കണ്ണികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കും. ഇതിനു മുമ്പും സമാനമായ രീതിയിൽ ശ്രീഗംഗാനഗർ സ്വദേശിനിയായ ബബിത എന്ന യുവതിയെ ഐ.എസ്.ഐ ബന്ധമുള്ളവർ വലയിലാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Tags:    
News Summary - rajasthan Railway Blast Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.