ന്യൂഡൽഹി: ഉൽസവ നാളുകളിൽ വീടുകളിലേക്കു മടങ്ങാനുള്ള ആളുകളുടെ ആഗ്രഹം ഇപ്പോൾ പോരാട്ടമായി മാറിയിരിക്കുന്നുവെന്ന് ബിഹാറിലെ ‘ഛാത്ത് പൂജ’ക്കായി നാട്ടിലേക്ക് മടങ്ങുന്നവരുടെ ദുരിത ട്രെയ്ൻ യാത്ര ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റെയിൽവേ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് രാഹുൽ ആരോപിച്ചു.
ട്രെയ്നുകളിലെ അവസ്ഥ മോശം കൈകാര്യ കർതൃത്വത്തിന്റെ വിഷയം മാത്രമല്ല, കുടിയേറ്റ തൊഴിലാളികളോടും അവരുടെ അവകാശങ്ങളോടുമുള്ള ആഴത്തിലുള്ള അവഗണനയൊണ് പ്രതിഫലിപ്പിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
‘ഇത് ഉത്സവങ്ങളുടെ മാസമാണ്. ദീപാവലി, ഭായ് ദൂജ്, ഛാത് തുടങ്ങിയവയുടെ. ബിഹാറിൽ ഈ ഉത്സവങ്ങൾ വിശ്വാസത്തേക്കാൾ വലുതാണ്. അവയെല്ലാം ആളുകൾക്ക് വീട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം കൂടിയാണ്. എന്നാൽ, ഈ ആഗ്രഹം ഇപ്പോൾ ഒരു പോരാട്ടമായി മാറിയിരിക്കുന്നു. ബിഹാറിലേക്കുള്ള ട്രെയിനുകൾ നിറഞ്ഞിരിക്കുന്നു. ടിക്കറ്റ് ലഭിക്കുന്നത് അസാധ്യം. യാത്ര മനുഷ്യത്വരഹിതമായി മാറിയിരിക്കുന്നു. ഇരട്ട എൻജിൻ സർക്കാറിന്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിഞ്ഞു’- കോൺഗ്രസ് നേതാവ് ‘എക്സി’ൽ എഴുതി.
ഉത്സവ തിരക്കുകൾ മുന്നിൽകണ്ട് 12,000 പ്രത്യേക ട്രെയിനുകൾ വിന്യസിച്ചിട്ടുണ്ടെന്ന സർക്കാറിന്റെ അവകാശവാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അവ എവിടെ? എന്തുകൊണ്ടാണ് എല്ലാ വർഷവും സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത്? ബിഹാറിലെ ജനങ്ങൾ ഇത്രയും അപമാനകരമായ സാഹചര്യങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാകുന്നതെന്തു കൊണ്ട്?’ എന്നും രാഹുൽ ചോദിച്ചു.
യാത്രാ പ്രതിസന്ധിയെ ബിഹാറിന്റെ തൊഴിലില്ലായ്മയുമായും കുടിയേറ്റ പ്രശ്‌നവുമായും അദ്ദേഹം ബന്ധിപ്പിച്ചു. ‘സംസ്ഥാനത്ത് ജോലിയും അന്തസ്സുള്ള ജീവിതവും ഉണ്ടായിരുന്നെങ്കിൽ ആളുകൾക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ അലഞ്ഞുതിരിയേണ്ടിവരില്ലായിരുന്നു. സുരക്ഷിതവും മാന്യവുമായ യാത്ര ഒരു അവകാശമാണ്, ഔദാര്യമല്ല’ എന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ ബിഹാറിലെ ജനങ്ങളെ ഒറ്റിക്കൊടുക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും ആക്രമണത്തിൽ പങ്കുചേർന്നു. പ്രധാനമന്ത്രിയെ ‘നുണകളുടെ കിരീടമില്ലാത്ത രാജാവും കപട വാഗ്ദാനങ്ങളുടെ യജമാനനു’മാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്തെ 13,198 ട്രെയ്നുകളിൽ 12,000 എണ്ണം ബിഹാറിലേക്ക് ഓടുന്നു എന്ന വാദം ‘ഒരു നുണ’ ആണെന്നും അദ്ദേഹം തള്ളിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.