രാജ്കുമാർ ഛബ്ബേവാൾ

പഞ്ചാബിൽ കോൺഗ്രസ് എം.എൽ.എ പാർട്ടി വിട്ടു; പാർലമെന്റ് തെര​ഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയാകും

ചണ്ഡിഗഢ്: പഞ്ചാബിൽ കോൺഗ്രസ് എം.എൽ.എ രാജ്കുമാർ ഛബ്ബേവാൾ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി അംഗത്വത്തിനു പുറമേ, എം.എൽ.എ സ്ഥാനത്തുനിന്നും ഛബ്ബേവാൾ വെള്ളിയാഴ്ച രാജി സമർപ്പിച്ചത് തെരഞ്ഞെടുപ്പു മുന്നിൽനിൽക്കെ കോൺഗ്രസിന് തിരിച്ചടിയായി. വൈകാതെ ഇദ്ദേഹം ആം ആദ്മി പാർട്ടിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.

ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഛബ്ബേവാൾ എ.എ.പി സ്ഥാനാർഥിയായി ഹോഷിയാർപൂർ മണ്ഡലത്തിൽനിന്ന് മത്സരിച്ചേക്കും. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഹോഷിയാർപൂരിലെ കോൺഗ്രസ് സ്ഥാനാർഥിയായി ഛബ്ബേവാൾ മത്സരിച്ചിരുന്നു. എന്നാൽ, ബി.ജെ.പി സ്ഥാനാർഥി സോം പ്രകാശിനോട് പരാജയപ്പെടുകയായിരുന്നു.

ചണ്ഡിഗഢിൽ നടക്കുന്ന ചടങ്ങിലാകും ഛബ്ബേവാളിന്റെ എ.എ.പി പ്രവേശനം. ബാസി പത്താന മേഖലയിലെ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ജി.പി. സിങ്ങും ഈയിടെ പാർട്ടിയിൽനിന്ന് രാജിവെച്ച് ആം ആദ്മിക്കൊപ്പം ചേർന്നിരുന്നു. ഗുർദാസ്പൂർ സീറ്റിൽ മത്സരിപ്പിക്കാൻ മറ്റൊരു കോൺഗ്രസ് നേതാവിനെ എ.എ.പി വല വീശുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇൻഡ്യ മുന്നണിയിൽ സഖ്യ കക്ഷികളാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും. ഡൽഹിയിൽ ഉൾപ്പെടെ മുന്നണിയായി ബി.ജെ.പിയെ നേരിടുന്ന ഇരുപാർട്ടിയും പഞ്ചാബിൽ സഖ്യമില്ലാതെ നേരിട്ടുള്ള മത്സരത്തിലാണ്. 

Tags:    
News Summary - Punjab MLA Raj Kumar Chabbewal quits Congress; likely to join AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.