കൂറുമാറിയവർ 'രാജ്യദ്രോഹികൾ' -ഭഗവന്ത് മാൻ; ബി.ജെ.പി വേട്ടയാടുന്നു

ന്യൂഡൽഹി: ആംആദ്മി പാർട്ടി(ആപ്പ്) വിട്ട് ബി.ജെ.പിയിൽ ചേർന്ന രാജ്യസഭാ അംഗങ്ങളെ 'രാജ്യദ്രോഹികൾ' എന്ന് വിശേഷിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. "പഞ്ചാബിൽ സ്വന്തമായി അടിത്തറയില്ലാത്ത ബി.ജെ.പി കേന്ദ്ര ഏജൻസികൾ വഴി ഭീഷണിപ്പെടുത്തി നേതാക്കളെ വിലക്കു വാങ്ങുകയായിരുന്നു. പഞ്ചാബിൽ ബി.ജെ.പി ആവർത്തിച്ച് പരാജയപ്പെട്ടു, ഇപ്പോൾ ഭീഷണിപ്പെടുത്തൽ, പ്രലോഭനങ്ങൾ, കൂറുമാറ്റ ശ്രമങ്ങൾ എന്നിവയിലൂടെ അഴിമതിരഹിത സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്' -അദ്ദേഹം പറഞ്ഞു.

രാഘവ് ഛദ്ദ ബി.ജെ.പിയുടെ ഉപകരണമാണ്. ഏഴ് രാജ്യസഭാ എം.പിമാരെ കൂറുമാറ്റാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പകരമായി അദ്ദേഹത്തിന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മാൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

എം.പിമാരുടെ കൂറുമാറ്റം പ്രഖ്യാപിച്ചതിനെത്തുടർന്ന് നെതർലാൻഡ്‌സ്- ഫിൻലാൻഡ് സന്ദർശനം വെട്ടിച്ചുരുക്കിയിരിക്കുകയാണ് മാൻ. പഞ്ചാബിൽ ദൈവ നിന്ദ വിരുദ്ധ നിയമം കർശനമായി നടപ്പാക്കിയതുമുതൽ ബി.ജെ.പിയുടെ അസ്വസ്ഥത പ്രകടമായിരുന്നു. രാഘവും മറ്റ് വിമത നേതാക്കളും കൂറുമാറ്റ വാർത്തകൾ പുറത്തുവിടുന്നതിന് മുമ്പുതന്നെ ആപ്പ് വക്താവ് ബാൽതേജ് പന്നുവും ലോക്‌സഭാ എം.പി ഗുർമീത് സിങ് മീറ്റ് ഹയറും എം.പിമാരുടെ കൂറുമാറ്റം മുൻകൂട്ടി പ്രഖ്യാപിച്ചു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പിന്തുണയോടെയാണ് രാഘവ് ഛദ്ദയുടെ ഗൂഢാലോചനയെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു.

'ബി.ജെ.പിയും കൂറുമാറ്റക്കാരായ എം.പിമാരും പഞ്ചാബിനെ വഞ്ചിച്ചു. 2018 ൽ പാർട്ടിക്കെതിരെ കലാപം നടത്തിയവരോട് ചെയ്തപോലെ പഞ്ചാബികൾ ഉചിതമായ മറുപടി നൽകും' -അദ്ദേഹം പറഞ്ഞു. അവർക്ക് ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തനിക്കോ തന്റെ സർക്കാരിനോ എതിരെ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ഇ.ഡിയെ ഉപയോഗിച്ച് എ.എ.പി നേതാക്കളെ ഭയപ്പെടുത്തി ബി.ജെ.പിയിൽ ചേരാൻ നിർബന്ധിക്കുകയായിരുന്നു. 'എന്റെ വസതിയിൽ റെയ്ഡ് ചെയ്യാൻ ഞാൻ ഇഡിയെ വെല്ലുവിളിക്കുന്നു. എം.പി സഞ്ജയ് സിങ്ങിന്റെയും മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയുടെയും വീടുകളിൽ നിന്നെന്ന പോലെ, ഇവിടെയും അവർക്ക് ഒന്നും കണ്ടെത്താനാവില്ല. എന്റെ സർക്കാർ ചെയ്ത നല്ല പ്രവൃത്തികളെ ഭയന്നാണ് ബി.ജെ.പി ഇത് ചെയ്യുന്നത്. പഞ്ചാബിൽ മാത്രമല്ല, ഗുജറാത്തിലും അവർ ഞങ്ങളെ ഒരു ഭീഷണിയായി കാണുന്നു. ബംഗാളിൽ ടി.എം.സി, ഹരിയാനയിൽ ജെ.ജെ.പി, മഹാരാഷ്ട്രയിൽ എൻ.സി.പി എന്നിവയുമായി അവർ ചെയ്തത്, എ.എ.പിയിലും അവർ ചെയ്യാൻ ശ്രമിക്കുകയാണ്' -അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ, ബി.ജെ.പി പശ്ചിമ ബംഗാളിൽ നിന്ന് പഞ്ചാബിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതായി നിരീക്ഷകർ കാണുന്നു. ഏഴ് കൂറുമാറ്റങ്ങൾ ആപ്പിന് ക്ഷീണംചെയ്യുമെങ്കിലും എം.പിമാർക്ക് സംസ്ഥാനത്ത് വലിയ സ്വാധീനം ഇല്ലാത്തതിനാൽ അവരിൽ നിന്ന് ബി.ജെ.പിക്ക് എങ്ങിനെ നേട്ടമുണ്ടാകുമെന്ന് കണ്ടറിയണം. പഞ്ചാബിലെ 94 എം.എൽ.എമാരെയും മൂന്ന് ലോക്സഭാ എം.പിമാരെയും ഒരുമിച്ച് നിർത്തുക എന്നതായിരിക്കും ഇനി ആപ്പിന്‍റെ നേരിടുന്ന വലിയ പ്രതിസന്ധി.

രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാൾ എന്നി ഏഴ് എം.പിമാരാണ് വെള്ളിയാഴ്ച ആപ്പിൽ നിന്ന് രാജി പ്രഖ്യാപിച്ച് ബി.ജെ.പിക്കൊപ്പം ചേർന്നത്. അടുത്ത ടേമിൽ മത്സരിക്കാൻ ടിക്കറ്റ് അടക്കം കെജ്‌രിവാൾ വാഗ്ദാനം ചെയ്തെങ്കിലും എം.പിമാർ ചര്‍ച്ചക്കുപോലും തയ്യാറാവാതെ ബി.ജെ.പിയിലേക്ക് കൂറുമാറുകയായിരുന്നു.

Tags:    
News Summary - Punjab CM Bhagwant Mann calls defecting AAP MPs ‘traitors’, accuses BJP of poaching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.