പോപുലർ ഫ്രണ്ട്: സംശയനിഴൽ വളർന്ന് നിരോധനത്തിൽ

ന്യൂഡൽഹി: ഇന്ത്യയിൽ മാറിമാറി വന്ന ഭരണകൂടങ്ങളുടെ നയവ്യതിയാനങ്ങൾ മുസ്‍ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നുവെന്ന പൊതുബോധത്തിൽനിന്ന് രൂപംകൊണ്ട സംഘടന. രാജ്യവ്യാപകമായി വേരുകൾ ഉണ്ടെങ്കിലും കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് സ്വാധീനമേറെ.

രൂപവത്കരണം മുതൽ ഭരണകൂടത്തിന്റെയും എൻ.ഐ.എ ഉൾപ്പെടെ ദേശീയ അന്വേഷണ ഏജൻസികളുടെയും നിരീക്ഷണ വലയത്തിലായിരുന്നു പി.എഫ്.ഐ എന്ന് ചുരുക്കപ്പേരുള്ള പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. അതിന്റെ അവസാന ഉദാഹരണമാണ് 45ഓളം വരുന്ന ദേശീയ നേതാക്കളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) രാജ്യവ്യാപക റെയ്ഡിലൂടെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ജനാധിപത്യപരമായി പ്രവർത്തിക്കുന്ന മറ്റേത് സംഘടനകളേയും പോലെയാണ് ഞങ്ങളും എന്നാണ് പി.എഫ്.ഐയും അവകാശപ്പെടുന്നതെങ്കിലും പ്രവർത്തനങ്ങളുടെ താളപ്പിഴകളും ആശയപ്രചാരണത്തിന്റെ വഴികളും സംഘടനയെ എന്നും പ്രതിക്കൂട്ടിലാക്കി.

സംഘടനയുടെ രൂപവത്കരണം തന്നെ യഥാർഥത്തിൽ സംശയനിഴലിലായിരുന്നു. രാജ്യത്ത് നിരോധനത്തിന്റെ വക്കിലെത്തിയ നാഷനൽ ഡെവലപ്മെന്റ് ഫ്രണ്ട് (എൻ.ഡി.എഫ്) സംഘടനയുടെ നേതാക്കൾ ചേർന്നാണ് 2006 നവംബർ 22ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപവത്കരിക്കുന്നത്.

കർണാടകയിലെ ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്നാട്ടിലെ മനിത നീതി പാസറൈ എന്നീ സംഘടനകൾ ലയിച്ചായിരുന്നു പുതിയ സംഘടനയുടെ രൂപവത്കരണം. നിരോധിച്ച സംഘടനയായ സ്റ്റുഡൻസ് ഇസ്‍ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ മുൻ നേതാക്കളിൽ ചില പ്രമുഖർ പി.എഫ്.ഐയുടെ നേതൃത്വത്തിലുണ്ടായിരുന്നു.

ഇത് സംഘടനയുടെ അസ്തിത്വത്തെ സംബന്ധിച്ച് ഏജൻസികളെ സംശയനിഴലിലാക്കിയെന്ന് പറയാം. ബംഗളൂരുവിലായിരുന്നു ആദ്യ സമ്മേളനം. നവ സാമൂഹിക പ്രസ്ഥാനം എന്ന നിലയിലാണ് പി.എഫ്.ഐ രാഷ്ട്രീയരംഗത്തേക്ക് ചുവടുവെക്കുന്നത്. എന്നാൽ, എൻ.ഡി.എഫിനപ്പുറത്തേക്ക് പുതിയ സംഘടനക്കും മുസ്‍ലിം സമുദായത്തിനിടയിൽ കാര്യമായ സ്വാധീനം തുടക്കത്തിൽ ഉണ്ടാക്കാനായിരുന്നില്ല.

എന്നാൽ, ഹിന്ദു വർഗീയ സംഘടനകളുടെ അക്രമങ്ങളിൽ ആശങ്കയിലായ വലിയ ഒരു വിഭാഗത്തിന്റെ പിന്തുണ വലിയ വേഗത്തിൽ സംഘടന ആർജിച്ചതോടെയാണ് ഭരണകൂടത്തിന്റെ സംശയനിഴൽ സംഘടനക്കുമേൽ പതിച്ചത്.

എന്നാൽ, സംഘടനതലത്തിലെ പ്രവർത്തന മികവ് പി.എഫ്.ഐയെ ദേശീയ തലത്തിൽ ഒരു പറ്റം യുവാക്കൾക്കിടയിൽ സ്വാധീന ശക്തിയാക്കിമാറ്റി. നാഷനൽ വുമൺ ഫ്രണ്ട് (എൻ.ഡബ്ല്യു.എഫ്), കാമ്പസ് ഫണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ) എന്നീ പോഷക സംഘടനകളിലൂടെ കാമ്പസുകളിൽ പുതിയ ചലനം സൃഷ്ടിക്കാൻ പി.എഫ്.ഐക്ക് സാധിച്ചു.

രാഷ്ട്രീയരംഗത്ത് മുസ്‍ലിം ലീഗുമായും കോൺഗ്രസുമായും അലിഖിത കരാറുകളിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചിലയിടങ്ങളിൽ സ്വാധീനം ചെലുത്താനും സംഘടനക്ക് സാധിച്ചിരുന്നു. പുതിയ രാഷ്ട്രീയ മുഖം കൈവരുത്താനുള്ള ശ്രമങ്ങൾ ഒരു ഭാഗത്ത് നടന്നെങ്കിലും രൂപവത്കരണ കാലത്തെ തീവ്ര ലൈൻ ഭീഷണിയുടെ നിഴലായി അവരെ പിന്തുടർന്നു.

പരീക്ഷ ചോദ്യപ്പേപ്പറിൽ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് 2010 ജൂലൈ നാലിന് കേരളത്തിലെ തൊടുപുഴ ന്യുമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫസർ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ പി.എഫ്.ഐ പ്രവർത്തകരുടെ പങ്കു വ്യക്തമായതോടെയാണ് ദേശീയതലത്തിൽ പി.എഫ്.ഐയുടെ മേൽ ഭീകരമുദ്ര പതിഞ്ഞത്. സംഭവത്തിൽ ഇതര മുസ്‍ലിം സംഘടനകൾ ഒന്നടങ്കം പി.എഫ്.ഐക്ക് എതിരായി മാറി.

ഇതോടെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകിയിരുന്ന രാഷ്ട്രീയ പാർട്ടികൾ പി.എഫ്.ഐയെ കൈയൊഴിഞ്ഞു. മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള മുഖ്യധാര പാർട്ടികൾ പല ഘട്ടങ്ങളിലായി സംഘടനക്കെതിരെ പരസ്യമായി രംഗത്തെത്തിയത് നേരത്തെ പി.എഫ്.ഐയുടെ നിരോധനത്തിനായി പ്രയത്നിച്ചിരുന്ന ബി.ജെ.പി പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് കാര്യങ്ങൾ എളുപ്പമാക്കി.

2009 മുതൽ പി.എഫ്.ഐ 60 കോടിയുടെ അനധികൃത വിദേശ സഹായം സ്വീകരിച്ചുവെന്ന വെളിപ്പെടുത്തലുമായി 2022 ജൂണിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ് ആദ്യം രംഗത്തെത്തുന്നത്.

പിന്നാലെ തീവ്രവാദ ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസികളും എത്തിയതോടെ പി.എഫ്.ഐ നിരോധനത്തിന്റെ വെല്ലുവിളികൾ നേരിട്ടു തുടങ്ങിയിരുന്നു.

പിന്നാലെ തീവ്രവാദ കേസുകളിൽ പലതിലും സംഘടന നേതാക്കളുടെ പങ്കു പുറത്തുവരുകയും ചെയ്തത് വൻ തിരിച്ചടിയായി മാറി. മുസ്‍ലിം വിഭാഗത്തിന്റെ നിരുപാധിക പിന്തുണ ആർജിക്കാനാകാതെ പോയത് നിരോധനസമയത്ത് സംഘടനക്ക് തിരിച്ചടിയായി.

Tags:    
News Summary - Popular Front-Prohibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.