രാഷ്ട്രീയവത്കരിക്കരുത്; ബൃന്ദ കാരാട്ടിനോട് പ്രതിഷേധ വേദിയിൽ നിന്ന് മാറിനിൽക്കാൻ അഭ്യർഥിച്ച് ഗുസ്തി താരങ്ങൾ

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായി ലൈംഗികാരോപണമുയർത്തി ഗുസ്തി താരങ്ങൾ ജന്തർ മന്ദിറിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ എത്തിയ ബൃന്ദ കാരാട്ടിനോട് വിട്ടു നിൽക്കാൻ അഭ്യർഥിച്ച് താരങ്ങൾ. ജന്തർ മന്ദിറിൽ പ്രതിഷേധം നടക്കുന്ന വേദിയിൽ നിന്ന് താഴയിറങ്ങി നിൽക്കാൻ തൊഴുകൈയോടെ താരങ്ങൾ ബൃന്ദ കാരാട്ടിനോട് അഭ്യർഥിക്കുകയായിരുന്നു. ‘ഇത് കായിക താരങ്ങൾ കോച്ചുകൾക്കും ഫെഡറേഷൻ അധ്യക്ഷനുമെതിരെ നടത്തുന്ന പ്രതിഷേധമാണ്. ഇത് രാഷ്ട്രീയവത്കരിക്കരുതെന്ന് ഞങ്ങൾ നിങ്ങളോട് അഭയർഥിക്കുകയാണ് മാഡം’ - ടോക്യോ ഒളിമ്പിക്സ് വെങ്കല മെഡൽജേതാവ് ബജ്റംഗ് പൂനിയ ബൃന്ദ കാരാട്ടിനോട് പറഞ്ഞു. പ്രതിഷേധത്തിന്റെ രണ്ടാം ദിനമാണ് ബൃന്ദ ജന്തർ മന്ദിർ സന്ദർശിച്ചത്.

ഏത് തരത്തിലുള്ള ലൈംഗിക പീഡനങ്ങൾക്കെതിരെയും സ്ത്രീകളെ അപമാനിക്കാനുള്ള ഏത് ശ്രമങ്ങൾക്കെതിരെയും ഞങ്ങൾ പോരാടുമെന്ന് സി.പി.എം എം.പി എൻ.ഡി.ടി.വിയോട് പറഞ്ഞു. സർക്കാർ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെടാനാണ് ഇവിടെ വന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഗുസ്തി താരങ്ങൾ ഇവിടെ വന്ന് ധർണ ഇരിക്കേണ്ടി വന്നുവെന്നത് വളരെയധികം ദുഃഖകരമാണ്. ഏതൊരു സ്ത്രീ നൽകുന്ന ഏത് പരാതിയിലും ഏത് സർക്കാറായാലും നടപടി സ്വീകരിക്കുകയും അന്വേഷണം പൂർത്തിയാകും വരെ ആരോപണ വിധേയരെ മാറ്റി നിർത്തുകയും വേണം - ബൃന്ദ കാരാട്ട് പറഞ്ഞു.

‘സർക്കാർ സന്ദേശ’വുമായി ബബിത ഫോഗട്ട് ജന്തർ മന്ദിറിൽ എത്തിയ സമാന സമയത്തു തന്നെയാണ് ബൃന്ദ കാരാട്ടും എത്തിയത്. കഴിഞ്ഞ ദിവസം വിനേഷ് ഫോഗട്ടാണ് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷനും നിരവധി കോച്ചുമാരും താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവെന്ന് ആരോപണമുന്നയിച്ചത്. നിരവധി പേർ അത്തരം പീഡനങ്ങൾക്കിരയായിട്ടുണ്ടെന്നും അവർ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഗുസ്തി താരങ്ങൾ ജന്തർ മന്ദിറിൽ പ്രതിഷേധം തുടങ്ങിയത്. 

Tags:    
News Summary - "Please Don't Make It Political," Wrestler Urges Brinda Karat At Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.