ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് അനുമതി; ഉത്തരവ് രാത്രി 11.30 ഓടെ

ബംഗളൂരു: ഹുബ്ബളളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് അനുമതി നൽകിയ ധാർവാഡ് മുനിസിപ്പൽ കമ്മീഷണറുടെ ഉത്തരവിനെതിരെ നൽകിയ ഹരജിയിൽ കർണാടക ഹൈക്കോടതിയിൽ അരങ്ങേറിയത് അസാധാരണ നടപടി. ജസ്റ്റിസ് അശോക് എസ്. കിനാഗിയുടെ ചേംബറിൽ ചൊവ്വാഴ്ച രാത്രി 10 ന് അടിയന്തര പ്രാധാന്യത്തോടെ ഹരജി പരിഗണിക്കുകയായിരുന്നു. രാത്രി ഒന്നര മണിക്കൂറോളം നീണ്ട നടപടിക്കൊടുവിൽ ഹരജിക്കാരുടെ വാദം തള്ളിയ കോടതി, ഹുബ്ബളളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് അനുമതി നൽകി.

ഈദ്ഗാഹ് മൈതാനത്ത് മൂന്നു ദിവസത്തെ ഗണേശോത്സവത്തിന് അനുമതി നൽകിയതിനെതിരെ അൻജുമാനെ ഇസ്‍ലാം സമർപ്പിച്ച ഹരജി ചൊവ്വാഴ്ച പകൽ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഗണേശ ചതുർഥി ആഘോഷങ്ങൾക്കായുള്ള ഹിന്ദുത്വ സംഘടനകളുടെ അപേക്ഷകൾ പരിഗണിക്കാൻ ധാർവാഡ് മുനിസിപ്പൽ കമ്മീഷണർക്ക് അനുമതി നൽകുകയും ചെയ്തു. എന്നാൽ, സമാന വിഷയത്തിൽ ബംഗളൂരുവിലെ ചാമരാജ് പേട്ട് ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ നടന്ന വാദത്തിൽ തൽസ്ഥിതി തുടരാൻ നിർദേശിച്ചതോടെയാണ് ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട് ഹരജിക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നൽകിയ ഉത്തരവ് ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട കേസിലും ബാധകമാണെന്ന് ഹരജിക്കാരായ അൻജുമാനെ ഇസ്‍ലാമിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ചാമരാജ്പേട്ട് ഈദ്ഗാഹ് കേസിൽ സർക്കാറിന്റെ ഉത്തരവിനെയാണ് ഹരജിക്കാർ ചോദ്യം ചെയ്യുന്നതെന്നും വഖഫ് ബോർഡിന് ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയാത്തതിനാൽ ഉടമസ്ഥാവകാശം തർക്ക വിഷയമാണെന്നും വാദിച്ച അഡീഷനൽ അഡ്വക്കറ്റ് ജനറൽ ധ്യാൻ ചിന്നപ്പ, ഏറെ മുമ്പ് ഫയൽ ചെയ്ത ഈ കേസിൽ ആ ചോദ്യമുദിക്കുന്നില്ലെന്ന് പറഞ്ഞു. പൊതുജനങ്ങൾക്ക് ആ ഭൂമി ഉപയോഗിക്കാൻ അവകാശമുണ്ടെന്ന് വിചാരണ കോടതി വിധിച്ചതാണ്. ഈദ്ഗാഹ് മൈതാനം കോർപറേഷന്റെ മാത്രം ഭൂമിയാണ്. കോർപറേഷന് ഇഷ്ടമുള്ള വിധത്തിൽ ആ ഭൂമി ഉപയോഗിക്കാം. വർഷത്തിൽ രണ്ടു തവണയാണ് മുസ്‍ലിംകൾക്ക് അവിടെപ്രാർഥനക്ക് അനുമതി നൽകിയിട്ടുള്ളത്. അത് തടസ്സപ്പെട്ടിരുന്നെങ്കിൽ കോടതിയിൽ ഹരജി നൽകുന്നതിൽ തടസ്സമില്ല.- എ.എ.ജി വാദിച്ചു.

അരമണിക്കൂറോളം വാദം കേട്ട ജസ്റ്റിസ് അശോക് എസ്. കിനാഗി ഹരജിയിൽ തീരുമാനമെടുക്കുംമുമ്പ് സമയം വേണമെന്ന് ചൂണ്ടിക്കാട്ടി കോടതി അൽപനേരത്തെക്ക് പിരിഞ്ഞു. രാത്രി 11.15 ഓടെ തിരിച്ചെത്തി. ധാർവാഡ് മുനിസിപ്പൽ കമ്മീഷണറുടെ ഉത്തരവ് കർണാടക മുനിസിപ്പൽ കോർപറേഷൻ ആക്ടിന് കടക വിരുദ്ധമാണെന്നും ആരാധനാ സ്ഥലങ്ങൾക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട നിയമത്തിന് കീഴിലാണ് ഇതുവരികയെന്നും ഹരജിക്കാർ സബ്മിഷനിൽ ചൂണ്ടിക്കാട്ടി. ആരാധനാ സ്ഥലം തരംമാറ്റാൻ മുനിസിപ്പൽ കമ്മീഷണർ ശ്രമിക്കുന്നതായും ഹിന്ദു ജനങ്ങൾ ആദ്യമായാണ് അവിടെ ഗണേശോത്സവത്തിന് പന്തൽ ഉയർത്താൻ അനുമതി തേടുന്നതെന്നുമാണ് ഹരജിക്കാർ സബ്മിഷനിൽ പറയുന്നതെന്ന് ബെഞ്ച് പറഞ്ഞു.

ഇതോടെ വസ്തുവിന്റെ ഉടമസസ്ഥാവകാശത്തിൽ തർക്കമില്ലെന്ന് എ.എ.ജി ധ്യാൻ ചിന്നപ്പ വീണ്ടും കോടതിയെ അറിയിച്ചു. മറ്റു കേസിലെ ഉത്തരവ് ഈ കേസിന് പ്രമാണമാക്കാനാവില്ലെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ എം.ബി. നർഗുണ്ടും ഉന്നയിച്ചു. ഈദ്ഗാഹ് മൈതാനത്തി​ന്റെ ഉടമസ്ഥാവകാശം എതിർകക്ഷിക്കാണെന്ന് ഹരജിക്കാരും സമ്മതിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഈ വിഷയത്തിൽ കർണാടക വഖഫ് ബോർഡും ഹരജിക്കാരും നൽകിയ അപ്പീലുകൾ 1992ൽ തള്ളിയതാണെന്നും ചൂണ്ടിക്കാട്ടി.

പ്രസ്തുത സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതടക്കമുള്ള മറ്റു പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത് ആരാധനാ സ്ഥലമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹരജിക്കാർ ഹാജരാക്കിയിട്ടില്ല. ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട കേസിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഈ കേസിൽ ബാധിക്കില്ല. അതിനാൽ , ഈദ്ഗാഹ് മൈതാനത്ത് ഗണേശോത്സവത്തിന് അനുമതി നൽകിയതിനെതിരെയുളള ഹരജി തള്ളുകയാണെന്ന് ജസ്റ്റിസ് അശോക് എസ്. കിനാഗി ഉത്തരവിൽ പറഞ്ഞു.

ഹുബ്ബള്ളി - ധാർവാഡ് മുനിസിപ്പൽ കോർപറേഷനിൽ ബി.ജെ.പി ഭരണപക്ഷത്തും കോൺഗ്രസ് പ്രതിപക്ഷത്തുമാണ്. കോൺ​ഗ്രസിന്റെ എതിർപ്പ് വക​വെക്കാതെയാണ് മേയർ ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനത്ത് മൂന്നു ദിവസത്തെ ഗണേശോത്സവത്തിന് അനുമതി നൽകിയത്. മുനിസിപ്പൽ കമ്മീഷണർ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

മുമ്പ്, ഹുബ്ബള്ളി ഈദ്ഗാഹ് മൈതാനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയലെത്തിയിരുന്നു. മുസ്‍ലിംകൾക്ക് വർഷത്തിൽ രണ്ടു തവണ പ്രാർഥനക്കും ഹുബ്ബള്ളി ധാർവാഡ് മുനിസിപ്പൽ കോർപറേഷന് സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയപതാക ഉയർത്താനുമാണ് സുപ്രീംകോടതി അനുമതി നൽകിയത്.


Tags:    
News Summary - Permission granted for Ganesh festival at Hubballi Eidgah Maidan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.