1 ഉറി ഓപറേഷൻ നടത്തിയ സി.ഐ.എസ്.എഫ് സേനാംഗങ്ങൾ ഡി.ജി മെഡൽ സ്വീകരിച്ച ശേഷം. 2 ഉറിയിലേക്ക് പാകിസ്താൻ നടത്തിയ ആക്രമണത്തിൽ തകർന്ന വീട്

പാകിസ്താൻ ഉറി ജലവൈദ്യുതി നിലയം ലക്ഷ്യമിട്ടു; സി.ഐ.എസ്.എഫ് ജാഗ്രതയിൽ പാക് ഡ്രോണുകൾ നിലംപതിച്ചു; ഓപറേഷൻ സിന്ദൂറിലെ മറ്റൊരു വിജയത്തിന് ആദരവ്

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിനി​ടെ അതിർത്തിയിലെ ഉറി ജലവൈദ്യുതി പ്ലാന്റുകൾ തകർക്കാനുള്ള പാകിസ്താൻ ശ്രമം സി.ഐ.എസ്.എഫ് സമർത്ഥമായി തടഞ്ഞതായി വെളിപ്പെടുത്തൽ. മേയ് ആറ്, ഏഴ് ദിവസങ്ങളിൽ നടന്ന ഓപറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലേക്ക് പാകിസ്താൻ നടത്തിയ ആക്രമണങ്ങളെ വിജയകരമായി ചെറുത്ത അർധസൈനിക വിഭാഗത്തിന്റെയും മികവ് കൂടി അടയാളപ്പെടുത്തുന്നതാണ് ഉറിയിലെ സംഭവം. ജീവൻ പണയപ്പെടുത്തിയും പാക് ആ​ക്രമണത്തെ ചെറുത്ത 19 സി.ഐ.എസ്.എഫ് സേനാംഗങ്ങ​ളെ ഡയറക്ടർ ജനറൽ മെഡൽ സമ്മാനിച്ചുകൊണ്ട് ആദരിച്ചതിനു പിന്നാലെയാണ് ഇവരുടെ സേവനം വെളിപ്പെടുത്തുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾക്കു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് അതിർത്തി കടന്ന ഷെല്ലുകളും ഡ്രോണുകളും അയച്ചുകൊണ്ട് പാകിസ്താൻ ആക്രമിച്ചത്. പ്രധാനമായും അതിർത്തി പ്രദേശമായ ഉറിയിലെ ജനവാസ മേഖലകളും, സൈനിക കേന്ദ്രങ്ങളും മറ്റും ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. ഇതിനിടയിലാണ്. മേയ് ഏഴിന് രാത്രിയിൽ ഉറി ജലവൈദ്യൂത പദ്ധതിയും പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചത്.

ഉറി ജലവൈദ്യുതി പദ്ധതി

ഓപറേഷൻ സിന്ദൂർ ആരംഭിച്ചതിനു പിന്നാലെ ജാഗ്രതയോടെ നിലയുറപ്പിച്ച സി.ഐ.എസ്.എഫ് സംഘം മേഖലയിലെ താമസക്കാരായ 250ഓളം ​​പേരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് ഒഴിപ്പിച്ചു. വെളിച്ചം കെടുത്തിയായിരുന്നു പാക് ആക്രമണത്തെ നേരിടാൻ ഒരുങ്ങിയത്. ഉറി ലക്ഷ്യമിട്ട് ഷെല്ലുകൾ തൊടുത്തതിനു പിന്നാലെ ഡ്രോണുകളും അയച്ചു. ബാരമുള്ള ജില്ലയിലെ ജലം നദിയിൽ നിയന്ത്രണ രേഖയോട് അടുത്തുള്ള വൈദ്യുതി പ്ലാന്റ് ലക്ഷ്യമിട്ടായിരുന്നു ഡ്രോൺ ആക്രമണം.

എന്നാൽ, കമാൻഡർ രവി യാദവിന്റെ നേതൃത്വത്തിലുള്ള 19 അംഗ സി.ഐ.എസ്.എഫ് സംഘം ജാഗ്രതയോടെ പ്രവർത്തിച്ചു. ഡ്രോണുകളെ വെടിവെച്ചിടുക മാത്രമല്ല,​ മേഖലയിലെ ജനങ്ങളെ ഉടൻ ഒഴിപ്പിക്കുകയും ചെയ്തതായി സി.ഐ.എസ്.എഫ് വ്യക്തമാക്കി.​

പാകിസ്താന്റെ ഒരു ഡ്രോണുകളും പ്ലാന്റിൽ എത്തിയില്ലെന്ന് എ.എസ്.ഐ ഗുർജീത് സിങ് പറഞ്ഞു. ഓപറേഷൻ സന്ദൂറിൽ മൂന്ന് സൈനിക വിഭാഗങ്ങൾക്കുപുറമെ, അർധ സൈനിക വിഭാഗവും നിർണായക പങ്ക് വഹിച്ചുവെന്ന് വെളിപ്പെടുത്തുന്നതാണ് സി.ഐ.എസ്.എഫിന്റെ റിപ്പോർട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.