പുതിയ ആണവനിലയത്തിന്റെ ഡോം സ്ഥാപിച്ച ചടങ്ങിൽ ശഹ്ബാസ് ഷെരീഫും സയ്യിദ് ആസിം മുനീറും പങ്കെടുത്തു
പാകിസ്താന്റെ ആണവനിലയ നിർമാണം അതിവേഗത്തിൽ; 2030ൽ പ്രവർത്തനസജ്ജമാകും
ഇസ്ലാമാബാദ്: ഊർജമേഖലയിൽ നിർണായക മുന്നേറ്റവുമായി പാകിസ്താൻ. ചൈനയുടെ സഹായത്തോടെ നിർമിക്കുന്ന 1,200 മെഗാവാട്ട് ശേഷിയുള്ള ചാഷ്മ-5 ആണവനിലയത്തിന്റെ നിർമാണം ഷെഡ്യൂളിന് മുമ്പേ പ്രധാനഘട്ടം പിന്നിട്ടു. നിലയത്തിന്റെ കണ്ടെയ്ൻമെന്റ് ഡോം സ്ഥാപിക്കൽ പൂർത്തിയായി.
2030 സെപ്റ്റംബറിൽ വൈദ്യുതി ഉൽപാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചാബ് പ്രവിശ്യയിലെ മിയാൻവാലിക്ക് സമീപമാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫും പ്രതിരോധ സേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും ചൊവ്വാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തു.
പദ്ധതി പൂർത്തിയാകുന്നതോടെ പാകിസ്താന്റെ വൈദ്യുതി വിതരണത്തിലേക്ക് 1,200 മെഗാവാട്ട് ശേഷി കൂടി ലഭിക്കും. ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും വ്യവസായങ്ങൾക്കും ആശുപത്രികൾക്കും വീടുകൾക്കും സ്ഥിരമായ വൈദ്യുതി ലഭ്യമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
പാകിസ്താന്റെ സാമ്പത്തിക വികസനത്തിനും ഊർജസുരക്ഷക്കും നിർണായകമായ നിക്ഷേപമാണ് ചാഷ്മ-5 എന്ന് പ്രധാനമന്ത്രി ശഹ്ബാസ് ഷെരീഫ് പറഞ്ഞു. ശുദ്ധവും വിശ്വസനീയവും താങ്ങാനാവുന്നതുമായ വൈദ്യുതി ഉറപ്പാക്കുന്നതിൽ ആണവോർജത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി സമയത്തിന് മുമ്പേ പുരോഗമിക്കുന്നതിൽ പാകിസ്താൻ, ചൈനീസ് എൻജിനീയർമാരെയും തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിച്ചു.
വൈദ്യുതി ഉൽപാദനത്തിന്റെ 16.6 ശതമാനം ആണവോർജം
നിലവിൽ പാകിസ്താനിലെ ആണവനിലയങ്ങൾക്ക് 3,530 മെഗാവാട്ട് ഉൽപാദന ശേഷിയുണ്ടെന്ന് പാകിസ്താൻ ആണവോർജ കമ്മീഷൻ (പിഎഇസി) ചെയർമാൻ രാജ അലി റാസ അൻവർ അറിയിച്ചു.
രാജ്യത്തെ മൊത്തം വൈദ്യുതി ഉൽപാദനത്തിന്റെ 16.6 ശതമാനവും ആണവോർജത്തിൽ നിന്നാണ്. നിലവിലുള്ള നിലയങ്ങൾ പ്രതിവർഷം ഏകദേശം 15 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ഒഴിവാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാഷ്മ-5 കൂടി പ്രവർത്തനസജ്ജമാകുന്നതോടെ പാകിസ്താന്റെ ആകെ ആണവോർജ ഉൽപാദനശേഷി 4,730 മെഗാവാട്ടായി ഉയരും. ചൈനയുടെ സഹായത്തോടെ പാകിസ്താനിൽ നിർമിക്കുന്ന ഏഴാമത്തെ ആണവനിലയമാണിത്. പാകിസ്താനും ചൈനയും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന സഹകരണത്തിന്റെ ഭാഗമായാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
ഊർജ ഇറക്കുമതിച്ചെലവ് കുറക്കുന്നതിനും വർധിച്ചുവരുന്ന വൈദ്യുതി ആവശ്യം നിറവേറ്റുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് പാകിസ്താന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.