ഫോട്ടോ കടപ്പാട് ദി ടൈംസ് ഒാഫ് ഇന്ത്യ

യാത്രക്കാരിയെ വഴിയിൽ ഉപേക്ഷിച്ചു; ഒലക്ക് 50,000 രൂപ പിഴ

ഹൈദരാബാദ്: യാത്രക്കാരിയെ തെറ്റായ വഴിയിലൂടെ 25 കിലോമീറ്റർ ദൂരം കൊണ്ടുപോയി ഹൈവേയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രമുഖ റൈഡ് ഷെയറിംഗ് കമ്പനിയായ ഒലക്ക് ഉപഭോക്തൃ കോടതി വൻ തുക പിഴ ചുമത്തി. പരാതിക്കാരിക്ക് 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000 രൂപയും നൽകാനാണ് ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടത്. 45 ദിവസത്തിനകം ഈ തുക കൈമാറണമെന്നും കോടതി വിധിച്ചു.

ആന്ധ്രാപ്രദേശ് ജൂനിയർ സിവിൽ ജഡ്ജ് മെയിൻസ് പരീക്ഷ എഴുതാൻ പോയ ഉല്ലാജി ചെന്നമ്മ എന്ന യുവതിക്കാണ് ഡ്രൈവറിൽ നിന്നും ദുരനുഭവം ഉണ്ടായത്. 2025 ഒക്ടോബർ 11-നായിരുന്നു സംഭവം. പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുന്നതിനായി യുവതിയും അമ്മയും ഒരു ഒല ഓട്ടോ ബുക്ക് ചെയ്തു. എന്നാൽ ആപ്പിൽ കാണിച്ച രജിസ്ട്രേഷൻ നമ്പറല്ല വന്ന വാഹനത്തിന് ഉണ്ടായിരുന്നത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് ഡ്രൈവർ ഇവരിൽ നിന്നും ഒ.ടി.പി വാങ്ങി യാത്ര തുടങ്ങി.

എന്നാൽ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുന്നതിന് പകരം ഡ്രൈവർ വണ്ടി തെറ്റായ വഴിയിലൂടെ ഏകദേശം 25 കിലോമീറ്റർ ഒാടിച്ചതിന് ശേഷം ഡ്രൈവർ വണ്ടി നിർത്തുകയും യാത്രക്കാരിൽ നിന്നും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തതു. അധിക തുക നൽകാൻ യുവതി വിസമ്മതിച്ചതോടെ ഡ്രൈവർ ഇവരെ വിജനമായ ഹൈവേയിൽ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു.

ഏറെ പ്രയാസപ്പെട്ട് മറ്റൊരു വാഹനത്തിലാണ് യുവതിയും അമ്മയും പിന്നീട് പരീക്ഷാ കേന്ദ്രത്തിൽ എത്തിയത്. എന്നാൽ കടുത്ത മാനസിക സമ്മർദ്ദവും ഭയവും കാരണം പരീക്ഷ ശരിയായി എഴുതാൻ യുവതിക്ക് സാധിച്ചില്ല. ഇതോടെയാണ് യുവതി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

തങ്ങൾ യാത്രക്കാരെയും ഡ്രൈവർമാരെയും ബന്ധിപ്പിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം  മാത്രമാണെന്നായിരുന്നു ഒല കോടതിയിൽ വാദിച്ചത്. ഡ്രൈവറുടെ വ്യക്തിപരമായ പെരുമാറ്റത്തിന് കമ്പനി ഉത്തരവാദികളല്ലെന്നും അവർ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിയ ഉപഭോക്തൃ കോടതി, ഓൺലൈൻ പ്ലാറ്റ്‌ഫോം ആണെന്നത് ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കി.

ആപ്പിൽ കാണിച്ച നമ്പറല്ലാത്ത വാഹനം സർവിസ് നടത്തിയത് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാവീഴ്ചയും സേവന പോരായ്മയുമാണ്. പരാതി ഉയർന്നതിന് പിന്നാലെ കമ്പനി ഈ വാഹനം ആപ്പിൽ നിന്നും നീക്കം ചെയ്തത് തങ്ങളുടെ ഭാഗത്തെ വീഴ്ച സമ്മതിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഡ്രൈവർമാരുടെ പശ്ചാത്തലവും വാഹനങ്ങളുടെ വിവരങ്ങളും കൃത്യമായി പരിശോധിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്നും കോടതി ഒല കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Ola fined ₹50,000 for abandoning passenger mid-journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.