മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ഭീവണ്ടിയിൽ ഓയിൽ സൂക്ഷിച്ചിരുന്ന ഗോഡൗണിന് വൻ തീപിടുത്തം. ചൊവ്വാഴ്ച രാവിലെ 9.30ഓടെ ഖോണി-ഖാദിപ്പാർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുൽചന്ദ് കോമ്പൗണ്ടിലാണ് അപകടം നടന്നത്. വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഓയിൽ വൻതോതിൽ സൂക്ഷിച്ചിരുന്ന ഗോഡൗണാണ് പൂർണമായും കത്തിനശിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ല.
ഇരുമ്പ് ഡ്രമ്മുകളിൽ സൂക്ഷിച്ചിരുന്ന ഓയിൽ പെട്ടെന്ന് തീപിടിക്കുന്ന സ്വഭാവമുള്ളതായതിനാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ തീ ഗോഡൗണിലാകെ പടരുകയായിരുന്നു. ഗോഡൗണിൽനിന്ന് കറുത്ത പുക ആകാശത്തേക്ക് ഉയരുന്നത് കിലോമീറ്ററുകൾ അകലെ നിന്ന് പോലും ദൃശ്യമായിരുന്നു. ഇത് സമീപവാസികൾക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടാക്കി. പടർന്ന പുകയിൽനിന്ന് വമിച്ച രൂക്ഷഗന്ധം പ്രദേശവാസികളെ ശാരീരികമായി അസ്വസ്ഥരാക്കിയതായും റിപ്പോർട്ടുകളുണ്ട്.
വിവരമറിഞ്ഞ ഉടൻ തന്നെ ഭീവണ്ടി നിസാംപൂർ മുനിസിപ്പൽ കോർപറേഷന്റെ രണ്ട് അഗ്നിശമന സേനാ യൂനിറ്റുകൾ സ്ഥലത്തെത്തി. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. ഫയർഫോഴ്സ് എത്തുമ്പോഴേക്കും ഗോഡൗണും അതിനുള്ളിലുണ്ടായിരുന്ന മുഴുവൻ സ്റ്റോക്കും പൂർണമായും കത്തിനശിച്ചിരുന്നു. ആവശ്യത്തിന് വെള്ളം ലഭിക്കാത്തത് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആദ്യം ബുദ്ധിമുട്ടിച്ചെങ്കിലും പിന്നീട് സ്ഥിതിഗതികൾ ശാന്തമാക്കി.
തീപിടുത്തം നടക്കുമ്പോൾ ഗോഡൗണിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. എങ്കിലും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റ് രാസപ്രവർത്തനങ്ങളാണോ അപകടത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. നിലവിൽ സ്ഥിതിഗതികൾ പൂർണ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.