‘ഞാൻ ഗ്യാരണ്ടി, ഒരു സംസ്ഥാനത്തോടും അനീതി ഉണ്ടാവില്ല; വനിതാ സംവരണബില്ലിനെ എതിർത്താൽ സ്ത്രീകൾ പൊറുക്കില്ല‘ -മോദി

ന്യൂഡല്‍ഹി: വനിതാ സംവരണത്തിന്റെ മറപിടിച്ച് അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ, ഡൽഹി, ജമ്മു-കശ്മീർ, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള പ്രത്യേക ബിൽ എന്നിവയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാസംവരണബില്‍ രാജ്യത്തിന് പുതിയ ദിശാബോധം നൽകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും വടക്ക് മുതൽ തെക്ക് വരെയും ഒരു സംസ്ഥാനത്തിനും ഒരു അനീതിയും സംഭവിക്കില്ല. ഞാൻ ഗ്യാരണ്ടിയാ​ണ്. വലിയ സംസ്ഥാനം, ചെറിയ സംസ്ഥാനങ്ങള്‍ എന്ന ഭേദമില്ല, ഒരു സംസ്ഥാനത്തോടും ന്യായമല്ലാത്ത ഒരു കാര്യവും ചെയ്യില്ല. ഈ സുപ്രധാന അവസരം എംപിമാർ പാഴാക്കരുത് -ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ഭേദ​ഗതി ബില്ലിന് മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കവേ മോദി പറഞ്ഞു.

‘ഇത് ചരിത്രനിമിഷമാണ്. ഭരണം മെച്ചപ്പെടുത്താനുള്ള സത്യസന്ധമായി ശ്രമമാണിത്. ബില്ലിനെ രാഷ്ട്രീയവൽക്കരിക്കരുത്. 2024ൽ പ്രതിപക്ഷം വനിത സംവരണ ബില്ലിന് പിന്തുണച്ചിരുന്നു. എന്നാൽ, ഇപ്പോൾ പരസ്യമായി എതിർക്കുന്നു. രാജ്യത്തെ സ്ത്രീകൾ പ്രതിപക്ഷത്തോട് പൊറുക്കില്ല. അധികാരത്തിൽ തങ്ങളുടെ പങ്ക് വനിതകൾ ആവശ്യപ്പെടുന്നു. 30 വർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് വനിതാ നേതാക്കൾ ഉയർന്നുവരും. എല്ലാ വിഭാഗത്തിന്റെയും ഉന്നമനമാണ് കേന്ദ്ര ലക്ഷ്യം. സ്ഥാനം പോകുമെന്ന ഭയമാണ് ചിലരെ നയിക്കുന്നത്. അംഗങ്ങളുടെ ഉദ്ദേശശുദ്ധി രാജ്യത്തെ വനിതകൾ നിരീക്ഷിക്കുന്നുണ്ട്’ - മോദി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ കനത്ത എതിർപ്പിനിടെയാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. മണ്ഡല പുനർനിർണയം, വനിതാ സംവരണ ഭേദ​ഗതി ബിൽ എന്നിവ ഉൾപ്പെടെ പാർലമെന്റിൽ ഇന്ന് അവതരിപ്പിച്ച മൂന്ന് ബില്ലുകളിലും നാളെ വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കും. അടുത്ത 12 മണിക്കൂർ ചർച്ചയാകാമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂറാക്കാമെന്ന് ലോക്സഭ സ്പീക്കറും അറിയിച്ചു.

വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരിപ്പിക്കാൻ അനുമതി നേടിയത്. 207 പേർ ബില്ലിനെ അനുകൂലിച്ചും 126 പേർ എതിർത്തും വോട്ട് ചെയ്തു. ബില്ല് അവതരണത്തിന് അനുമതി തേടിയപ്പോൾ ശക്തമായ പ്രതിഷേധമായിരുന്നു പ്രതിപക്ഷം ഉയർത്തിയത്. ബില്ലിനോട് സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷ തീരുമാനം. ബില്ലുകളെ എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ബിൽ ഫെഡറല്‍ സംവിധാനത്തിന് എതിരെന്ന് കെ.സി വേണുഗോപാൽ എംപി പറഞ്ഞു. ‘വനിതാ സംവരണത്തിന്റെ മറപിടിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് ബിജെപി വ്യാമോഹിക്കുന്നത്. കോൺഗ്രസ് വനിതാ സംവരണത്തിന് എതിരല്ല. 543 അംഗ പാർലമെന്റിൽ മൂന്നിലൊന്ന് വനിതാ സംവരണം നടപ്പിലാക്കണമെന്ന് 2024-ൽ തന്നെ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആദ്യം സെൻസസ്, പിന്നീട് മണ്ഡല പുനർനിർണ്ണയം, അതിനുശേഷം മാത്രം വനിതാ സംവരണം എന്ന നിബന്ധന കൊണ്ടുവന്നതിലൂടെ സർക്കാരിന്റെ രാഷ്ട്രീയ അജണ്ട വ്യക്തമായിരിക്കുകയാണ്.

രാജ്യത്തിന്റെ ജനാധിപത്യത്തെ ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമാണിത്. അതുകൊണ്ട് തന്നെ ഈ ബില്ലിനെ അംഗീകരിക്കാൻ കഴിയില്ല. പാർലമെന്റിൽ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്നും ഡിലിമിറ്റേഷൻ സംബന്ധിച്ച ഭാഗങ്ങൾ പരാജയപ്പെടുത്താൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്’ -അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - North to South, no bias: PM Modi's guarantee on delimitation process

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.