കോവിഷീൽഡ് വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ വ്യത്യാസം വരുത്തേണ്ടതില്ലെന്ന് വിദ്ഗധർ

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേളയിൽ വ്യത്യാസം വരുത്തേണ്ടതില്ലെന്ന് വിദ്ഗധരുടെ അഭിപ്രായം. നാഷണൽ കോവിഡ് വാക്സിൻ അഡ്മിനിസ്ട്രേഷൻ ടാസ്ക് ഫോഴ്സ് ചെയർമാനാണ് ആദ്യ ഡോസ് കഴിഞ്ഞ് 12മുതൽ 16 വരെ ആഴ്ചക്കിടയിൽ രണ്ടാം ഡോസ് എടുത്താൽ മതിയെന്ന തീരുമാനം പുനപരിശോധിക്കേണ്ട കാര്യമില്ലെന്ന് അഭിപ്രായപ്പെട്ടത്. രണ്ട് ഡോസുകൾക്കിടയിൽ ഇപ്പോഴുള്ള ഇടവേള മാറ്റേണ്ടതില്ലെന്ന് നീതി ആയോഗ് ചെയർ പേഴ്സൺ വി.കെ പോൾ പറഞ്ഞു.

നാഷണൽ വാക്സിൻ ട്രാക്കിങ് സിസ്റ്റം വഴി എല്ലാ വിവരങ്ങളും ഞങ്ങൾ ശേഖരിക്കുന്നുണ്ട്. വാക്സിന്‍റെ ഗുണഫലം, പ്രാദേശിക വ്യതിയാനങ്ങൾ, ഡോസുകൾക്കിടയിലെ ഇടവേള, വേരിയന്‍റ് ഇതെല്ലാം പരിശോധിച്ചപ്പോൾ കോവിഷീൽഡ് വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള വ്യത്യാസപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഓരോ ഡോസ് വാക്സിൻ എടുക്കുമ്പോഴും അതിൽ നിന്നും ഏറ്റവും കൂടുതൽ ഗുണഫലം ലഭിക്കണം. ഇപ്പോൾ പിന്തുടരുന്ന മാർഗം ഫലപ്രദമാണെന്നാണ് ഞങ്ങളുടെ കണ്ടെത്തൽ- അദ്ദേഹം പറഞ്ഞു.

നാഷണൽ അഡ്വൈസറി ഗ്രൂപ് ഓൺ ഇമ്മ്യുണൈസേഷൻ ചെയർമാൻ എൻ.കെ അറോറയും ഇടവേള വ്യത്യാസപ്പെടുത്തേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടു. ഒരു കോടി പേർക്ക് ഒരു ദിവസം കുത്തിവെപ്പെടുക്കാൻ കഴിയുന്ന സംവിധാനമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഒരു 1.25കോടി ഡോസ് കുത്തിവെപ്പ് എടുക്കാനുള്ള ശേഷി ഇപ്പോൾ ഇന്ത്യക്കുണ്ട്.

സ്വകാര്യ മേഖലയുടെ കൂടി സഹകരണം മൂലം ഈ ലക്ഷ്യം ഇന്ത്യക്ക് അനായാസം നേടാൻ കഴിയുമെന്ന് പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയ അന്നുതന്നെ തെളിയിക്കപ്പെട്ടതുമാണ്. വെറും ഒരാഴ്ച കൊണ്ട് 17 കോടി കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഇന്ത്യ ഒരു കാര്യം തീരുമാനിച്ചാൽ അത് നടപ്പാക്കിയിരിക്കും- അറോറ പറഞ്ഞു.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനക്കയും സംയുക്തമായി നിർമിക്കുന്ന കോവിഷീൽഡ് വാക്സിന്റെ ഇടവേള ചുരുക്കണമെന്ന് വ്യാപകമായി ആവശ്യം ഉയർന്നിരുന്നു. രാജ്യത്ത് വാക്സിൻ ദൗർലഭ്യം മൂലമാണ് ഇടവേള ദീർഘിപ്പിച്ചതെന്നായിരുന്നു ആക്ഷേപം. ഇന്ത്യയിൽ കോവിഷീൽഡ് രണ്ടാം ഡോസിന് ആദ്യം നാലു മുതൽ ആറ് ആഴ്ചയാണ് ഇടവേള നിശ്ചയിച്ചിരുന്നത്.

Tags:    
News Summary - No need at the moment to change Covishield doses gap: Vaccine task force experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.