ഹൈദരാബാദ്: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് തെലങ്കാന ഹൈകോടതി. മാതാപിതാക്കളുടെ സ്വത്തിൽ അവകാശം ഉന്നയിക്കുമ്പോൾ ഈ ഉത്തരവാദിത്തം ഒഴിച്ചുകൂടാനാവാത്തതാണെന്ന് കോടതി വ്യക്തമാക്കി. സൂര്യപേട്ട് സ്വദേശിനിയായ വയോധിക മകനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബി. വിജയസെൻ റെഡി ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്. തന്റെ മകൻ തന്നെ അവഗണിക്കുകയാണെന്നും മകന് നൽകിയ സ്വത്ത് തിരികെ വേണമെന്നുമാണ് ഹരജിയിൽ പരാതക്കാരി ഉന്നയിച്ചത്. 66 വയസുള്ള ഇവർ നിലവിൽ മകളോടൊപ്പമാണ് താമസം. മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമപ്രകാരം 2025 ഡിസംബറിൽ തനിക്ക് അനുകൂലമായി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അത് നടപ്പിലാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് വയോധിക കോടതിയെ അറിയിച്ചു. പൊലീസിന്‍റെയും, ഭരണകൂടത്തിന്‍റെയും സഹായങ്ങൾ ലഭ്യമാക്കാൻ റവന്യൂ ഡിവിഷണൽ ഓഫീസർ ഉത്തരവിട്ടിട്ടും തുടർനടപടികൾ ഉണ്ടായിരുന്നില്ല.
നിലവിൽ ഹരജി പരിഗണിച്ച ഹൈക്കോടതി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ സൂര്യപേട്ടിലെ അധികൃതരോട് ആവശ്യപ്പെടുകയും കേസിന്‍റെ വാദം കേൾക്കൽ ഏപ്രിൽ 15 ലേക്ക് മാറ്റി വെക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം പ്രായമായ മാതാപിതാക്കളെ മക്കൾ അവഗണിക്കുന്നതിനെക്കുറിച്ച് ജഡ്ജി ആശങ്ക രേഖപ്പെടുത്തി. മാതാപിതാക്കളുടെ സ്വത്തിൽ അവകാശം സ്ഥാപിക്കുന്ന മക്കൾ അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് അദ്ദേഹം അറിയിച്ചു.മാതാപിതാക്കളെ സംരക്ഷിക്കുന്ന ചുമതല ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാനാവില്ല. പെൺകുട്ടി ഏകമകളാണെങ്കിൽ സ്വാഭാവികമായും മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവൾക്കുണ്ടെന്നും കോടതി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.