പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ കേസ്; ബ്രിജ് ഭൂഷനെതിരെ തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിലെ പ്രതി ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് പോക്സോ കേസിൽ പൊലീസിന്‍റെ ക്ലീൻചീറ്റ്. പോക്സോ കേസ് ചുമത്തുന്നതിനാവശ്യമായ തെളിവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 500 പേജുള്ള റിപ്പോർട്ട് അന്വേഷണ സംഘം വ്യാഴാഴ്ച ഡൽഹി റോസ് അവന്യു കോടതിയിൽ സമർപ്പിച്ചു.

തെളിവുകളുടെ അഭാവവും പരാതിക്കാരിയും പിതാവും തിരുത്തി നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലും ക്രിമിനല്‍ നടപടി ചട്ടം173 പ്രകാരം കേസ് പിൻവലിക്കാൻ റിപ്പോർട്ട് സമർപ്പിച്ചെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. കടുത്ത സമ്മർദം മൂലമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൊഴി തിരുത്തിയതെന്ന് സമരത്തിന് നേതൃത്വം നൽകുന്ന സാക്ഷി മലിക് അടക്കമുള്ളവർ കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. പോക്സോ റദ്ദാക്കൽ റിപ്പോർട്ടിൽ ജൂൺ നാലിന് കോടതി വാദം കേൾക്കും.

ഗുസ്തി താരങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുപാലിക്കാൻ ആറു കായിക താരങ്ങളുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ 1,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ബ്രിജ് ഭൂഷണിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 354, 354 എ, 354 ഡി വകുപ്പുകളും ഗുസ്തി ഫെഡറേഷൻ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെതിരെ 109,354,354 എ,506 വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്.

ജൂൺ ഏഴിന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുർ നടത്തിയ ആറു മണിക്കൂർ നീണ്ട ചർച്ചയിൽ 15നകം പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് ഗുസ്തി താരങ്ങൾക്ക് നൽകിയ ഉറപ്പു മുൻനിർത്തിയാണ് സമരം ഒരാഴ്ചത്തേക്ക് നിർത്തിവെച്ചത്. 

Tags:    
News Summary - No evidence found in minor's sexual harassment claims against WFI chief, says Delhi Police, seeks to cancel FIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.