കോവിഡിന് പുതിയ ആന്‍റിബോഡി ചികിത്സ: രണ്ട് രോഗികൾ 12 മണിക്കൂറിനകം സുഖം പ്രാപിച്ചെന്ന് ആശുപത്രി

ന്യൂഡൽഹി: കോവിഡിന് പുതിയ ആന്‍റിബോഡി ചികിത്സ ഫലപ്രദമാണെന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രി അധികൃതർ. രണ്ട് കൊവിഡ് രോഗികളിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത മോണോക്ളോണൽ ആന്‍റിബോഡി ചികിത്സാ രീതി പരീക്ഷിച്ചു വിജയിച്ചതായി ആശുപത്രി പത്രകുറിപ്പ് ഇറക്കി. പുതിയ ചികിത്സ മൂലം 12 മണിക്കൂറിനകം രോഗികൾ ആശുപത്രി വിട്ടുവെന്ന് ഡോക്ടർ അറിയിച്ചു.

36 വയസുള്ള ഒരു ആരോഗ്യപ്രവർത്തകനിലും 80 വയസ് കഴിഞ്ഞ പി.കെ റസ്ദാൻ എന്ന ഡയബറ്റിക് രോഗിയിലുമാണ് മോണോക്ളോണൽ ആന്‍റിബോഡി ചികിത്സാ രീതി പ്രയോഗിച്ചത്. ആരോഗ്യപ്രവർത്തകന് കടുത്ത പനി, ചുമ, ശരീരവേദന, കടുത്ത തളർച്ച എന്നീ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ചികിത്സയെടുത്ത് 12 മണിക്കൂറിനകം ഇദ്ദേഹത്തിന് ആശുപത്രി വിടാൻ കഴിഞ്ഞു.

രണ്ടാമത്തെ രോഗിയായ റസ്ദാന് കടുത്ത പനി, ശരീര വേദന, കടുത്ത പ്രമേഹം എന്നിവയുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ ഹൈപർടെൻഷനും ശരീരത്തിലെ ഓക്സിജൻ അളവിലെ കുറവും ആശങ്കയുണ്ടാക്കുന്നതായിരുന്നു. പുതിയ ചികിത്സരീതി അദ്ഭുതകരമായ മാറ്റങ്ങളാണ് ഇദ്ദേഹത്തിൽ വരുത്തിയത്. റസ്ദാൻ 12 മണിക്കൂറിനകം ആശുപത്രി വിട്ടു.

ശരിയായ രീതിയിൽ ശരിയായ സമയത്ത് ഉപയോഗിച്ചാൽ, മോണോക്ളോണൽ ആന്റിബോഡി കോവിഡ് ചികിത്സാ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ വരുത്തുമെന്ന് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് പൂജാ ഖോസ്ല പറഞ്ഞു. കടുത്ത രോഗികളിൽ പോലും ഈ ചികിത്സാ രീതി കൊണ്ട് ആശുപത്രി വാസം ഒഴിവാക്കാൻ സാധിക്കുമെന്നും സ്റ്റിറോയിഡ് പോലുള്ള മരുന്നുകൾ ചികിത്സയിൽ നിന്നും ഒഴിവാക്കാൻ സാധിക്കുമെന്നും ഡോക്ടർ പറഞ്ഞു. ബ്ലാക് ഫംഗസ് പോലുള്ള രോഗബാധയിൽ നിന്നും ഈ ചികിത്സ മൂലം ഒഴിവാകാൻ സാധിക്കുമെന്നും പൂജ ഖോസ്ല പറഞ്ഞു. 

Tags:    
News Summary - New Antibody Therapy, 2 Covid Patients Discharged From Delhi Hospital In 12 Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.