ദേശീയ വനിതാ കമീഷൻ

ട്രെയിനിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; തമിഴ്നാട് ഡിജിപിയോട് റിപ്പോർട്ട് തേടി വനിതാ കമീഷൻ

ന്യൂഡൽഹി: നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിനുള്ളിൽ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്നാട് ഡി.ജി.പിയോട് റിപ്പോർട്ട് തേടി ദേശീയ വനിതാ കമീഷൻ. സംഭവത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണവും റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള പരിശോധനയും കമീഷൻ ആവശ്യപ്പെട്ടു.

ഏഴുദിവസത്തിനകം സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. നവംബർ 18നാണ് നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ യാർഡിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ഭിന്നശേഷിക്കാർക്കായുള്ള കോച്ചിൽനിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം സീറ്റിനടിയിലായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് സ്ത്രീ ലൈംഗികാതിക്രമത്തിനിരയായതെന്നും മർദനമേറ്റാണ് മരിച്ചതെന്നും വ്യക്തമായത്.

നവംബർ 14ന് പുലർച്ചെ 12.30ഓടെ അഞ്ചാം പ്ലാറ്റ്ഫോമിന് സമീപം നടന്നുപോവുകയായിരുന്ന സ്ത്രീയെ പ്രതി ബലമായി പിടിച്ചുകൊണ്ടുപോയി ഒഴിഞ്ഞുകിടന്ന കോച്ചിൽവെച്ച് പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഗുരുതര പരിക്കുകളെത്തുടർന്ന് സ്ത്രീ മരിച്ചു. സംഭവത്തിനുശേഷം പ്രതി കോച്ചിൽനിന്ന് പുറത്തുപോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വി പരിശോധനയിൽ ലഭിച്ചു. സംഭവത്തിൽ പ്രതിയായ കന്യാകുമാരി സ്വദേശി അയ്യപ്പനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

റെയിൽവേ സ്റ്റേഷനുകളിലെ ഒഴിഞ്ഞുകിടക്കുന്ന കോച്ചുകളുടെ നിരീക്ഷണം, രാത്രികാല പട്രോളിങ്, റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്), റെയിൽവേ പൊലീസ് (ജി.ആർ.പി), റെയിൽവേ അധികൃതർ എന്നിവർക്കിടയിലെ ഏകോപനം എന്നിവ പരിശോധിക്കണമെന്ന് വനിതാ കമീഷൻ ആവശ്യപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും സംരക്ഷിക്കണമെന്നും മരിച്ച സ്ത്രീയെ എത്രയും വേഗം തിരിച്ചറിഞ്ഞ് കുടുംബത്തെ കണ്ടെത്തണമെന്നും കമീഷൻ നിർദേശിച്ചു.

Tags:    
News Summary - NCW Seeks Report from tamilnadu DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.