നൈനാർ നാഗേന്ദ്രൻ
തിരുപ്പറകുൺറം ദീപം തെളിയിക്കൽ വിവാദം; തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു
മധുര: തമിഴ്നാട്ടിലെ തിരുപ്പറകുൺറം മലമുകളിലെ വിവാദമായ കൽത്തൂണിൽ (ദീപത്തൂൺ) കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദവും സംഘർഷാവസ്ഥയും രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുപ്രീംകോടതിയുടെ അനുമതിയോടെ നവംബർ 24ന് ദീപം തെളിയിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് പൊലീസ് നടപടി.
മധുര ജില്ലാ കലക്ടർ നിഷാന്ത് കൃഷ്ണ ജില്ലയിലുടനീളം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ തടയുന്നതിനുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് പൊലീസ് വിശദീകരണം.
മുൻ എംഎൽഎ കൂടിയായ നൈനാർ നാഗേന്ദ്രനെ നേരത്തെ തിരുനെൽവേലിയിലെ വസതിയിൽ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹം മധുരയിലേക്ക് യാത്ര തിരിച്ചു. നിരവധി ബിജെപി പ്രവർത്തകരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ അദ്ദേഹത്തിന്റെ വാഹനം മധുരക്ക് സമീപം എത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. തുടർന്ന് പൊലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഹിന്ദു സംഘടനയായ ഹിന്ദു മുന്നണി നേതാക്കൾ, മുൻ തമിഴ്നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ, മുൻ കേന്ദ്രമന്ത്രി എൽ. മുരുകൻ എന്നിവരെയും തിരുപ്പറകുൺറത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പൊലീസ് തടഞ്ഞു. ഇവരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, താൻ തിരുപ്പറകുൺറം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കല്ല പോകുന്നതെന്നും മധുരയിലെ അരുൾമിഗു മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിലേക്കാണ് പോകുന്നതെന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നതായി നൈനാർ നാഗേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, യാത്രക്കിടെ തന്നെ തടഞ്ഞ് കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന ചോദ്യത്തിനും പൊലീസ് മറുപടി നൽകിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി അംഗീകരിക്കാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് തയ്യാറാകുന്നില്ലെന്ന് നൈനാർ നാഗേന്ദ്രൻ ആരോപിച്ചു. അതേസമയം, സുപ്രീംകോടതി വിധി അംഗീകരിക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിറക്കിയിട്ടുണ്ട്. കാർത്തിക ദീപത്തിന്റെ പുണ്യദിനത്തിൽ തിരുപ്പറകുൺറത്ത് ദീപം തെളിയിക്കണമെന്നത് ഭൂരിപക്ഷ സമുദായത്തിലെ ജനങ്ങളുടെ വിശ്വാസത്തിന്റെയും ആഗ്രഹത്തിന്റെയും ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, അനാവശ്യമായ സംഘർഷാവസ്ഥ സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രി വിഷയത്തെ വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുപ്പറകുൺറം മലമുകളിലെ വിവാദമായ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീംകോടതി നവംബർ 24ന് അനുമതി നൽകിയിരുന്നു. ഒറ്റത്തവണത്തേക്കുള്ള പ്രത്യേക നടപടിയായാണ് കോടതി ദീപം തെളിയിക്കാൻ അനുമതി നൽകിയത്. എന്നാൽ, ഈ അനുമതി വരും വർഷങ്ങളിലും പ്രസ്തുത സ്ഥലത്ത് ദീപം തെളിയിക്കുന്നതിനുള്ള ആചാരപരമായ അവകാശം സ്ഥാപിക്കുന്നതല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മദ്രാസ് ഹൈകോടതിയുടെ ജനുവരി ആറിലെ വിധിയിലെ ബന്ധപ്പെട്ട പ്രവർത്തനഭാഗങ്ങൾ സ്റ്റേ ചെയ്തുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.