കച്ചി ദർഗ-ബിദുപൂർ ആറുവരി പാലത്തിന്റെ ആകാശക്കാഴ്ച
നിതീഷ് കുമാറിന്റെ പേരിൽ 5,500 കോടിയുടെ പാലം; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
പട്ന: പേരിനെച്ചൊല്ലി രാഷ്ട്രീയ വിവാദം ഉയർന്ന ഗംഗക്ക് കുറുകെയുള്ള ആറുവരി പാലമായ 'നിതീഷ് സേതു' നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 5,500 കോടി രൂപ ചെലവിൽ നിർമിച്ച പാലം മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരിലാണ് അറിയപ്പെടുന്നത്.
പാലത്തിന് നിതീഷ് കുമാറിന്റെ പേരിട്ടതിനെച്ചൊല്ലിയാണ് ഭരണകക്ഷിയായ എൻ.ഡി.എയും പ്രതിപക്ഷമായ ആർ.ജെ.ഡിയും തമ്മിൽ തർക്കം രൂക്ഷമായത്. നിതീഷ് കുമാറിനെ രാഷ്ട്രീയമായി ഇല്ലാതായ വ്യക്തിയായി ചിത്രീകരിക്കാനാണ് ബി.ജെ.പി പാലത്തിന് അദ്ദേഹത്തിന്റെ പേരിട്ടതെന്ന് ആർ.ജെ.ഡി പ്രവർത്തക അധ്യക്ഷൻ തേജസ്വി യാദവ് ആരോപിച്ചു.
വൈശാലി ജില്ലയിലെ ബിദുപുരിനെയും പട്നയുടെ പ്രാന്തപ്രദേശമായ കച്ചി ദർഗയെയും ബന്ധിപ്പിക്കുന്ന പാലം വടക്കൻ ബിഹാറിന്റെ ഗതാഗത, കാർഷിക മേഖലകൾക്ക് വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ. 9.76 കിലോമീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകൾ കൂടി ഉൾപ്പെടുത്തിയാൽ ആകെ ദൈർഘ്യം 20 കിലോമീറ്ററിനടുത്താകും. ഫലഭൂയിഷ്ഠമായ മണ്ണുള്ളതും ജനസാന്ദ്രത കൂടിയതുമായ വടക്കൻ ബിഹാറിന്റെ കാർഷിക സമ്പദ്വ്യവസ്ഥയ്ക്ക് ഇത് കരുത്തേകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
ബിദുപുർ-കച്ചി ദർഗ ഇടനാഴി വിനോദസഞ്ചാര, ചരക്കുനീക്ക മേഖലകളിലെ പ്രധാന കേന്ദ്രമായി വളരാനും സാധ്യതയുണ്ട്. ഇതിലൂടെ കൂടുതൽ നിക്ഷേപം ആകർഷിക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. പട്നയെയും ഹാജിപുരിനെയും ബന്ധിപ്പിക്കുന്ന 40 വർഷത്തിലേറെ പഴക്കമുള്ള മഹാത്മാഗാന്ധി സേതുവിലെ ഗതാഗതക്കുരുക്കിനും പുതിയ പാലം ആശ്വാസമാകും.
2012ൽ നിതീഷ് കുമാറാണ് പദ്ധതിക്ക് തുടക്കമിട്ടത്. 2015ലാണ് നിർമാണം ആരംഭിച്ചത്. ഏഷ്യൻ വികസന ബാങ്കിൽനിന്ന് (എ.ഡി.ബി) 3,472.15 കോടി രൂപ വായ്പയായി ലഭിച്ചു. സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ 2,099.54 കോടി രൂപയും ചെലവഴിച്ചു. പാലം തുറക്കുന്നതോടെ വടക്കൻ ബിഹാറിൽനിന്നുള്ള ലിച്ചി, വാഴപ്പഴം, ചോളം, പച്ചക്കറികൾ തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾ പട്നയിലേക്കും മറ്റു വിപണികളിലേക്കും വേഗത്തിൽ എത്തിക്കാനാകും. മെയ് മാസത്തിൽ സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ വികസനച്ചടങ്ങിൽ പങ്കെടുത്തശേഷം പ്രധാനമന്ത്രി ബിഹാറിലെത്തുന്നത് ഇതാദ്യമായാണ്. ബിഹാറിൽ ബി.ജെ.പിയിൽനിന്ന് മുഖ്യമന്ത്രിയാകുന്ന ആദ്യ നേതാവാണ് സമ്രാട്ട് ചൗധരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.