സാവിത്രി ദേവി


യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി അന്തരിച്ചു

ഡെറാഡൂൺ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഗഡ്‌വാൾ ജില്ലയിലെ പഞ്ചൂർ ഗ്രാമത്തിലെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

സാവിത്രി ദേവിയുടെ സംസ്കാരം ശനിയാഴ്ച ഹരിദ്വാറിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. മരണവാർത്ത പുറത്തുവന്നതോടെ വിവിധ രാഷ്ട്രീയ നേതാക്കൾ യോഗി ആദിത്യനാഥിനെയും കുടുംബത്തെയും അനുശോചനം അറിയിച്ച് രംഗത്തെത്തി.

കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി സമൂഹമാധ്യമമായ എക്സിലൂടെയാണ് അനുശോചനം അറിയിച്ചത്. സാവിത്രി ദേവിയുടെ വിയോഗം ഏറെ ദുഃഖകരമാണെന്നും അമ്മയുടെ വേർപാട് ജീവിതത്തിൽ ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹം കുറിച്ചു. ഈ ദുഃഖസമയത്ത് യോഗി ആദിത്യനാഥിനും കുടുംബാംഗങ്ങൾക്കും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും അനുശോചനം രേഖപ്പെടുത്തി. സാവിത്രി ദേവിയുടെ വിയോഗം കുടുംബത്തിന് നികത്താനാകാത്ത നഷ്ടമാണെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തി ലഭിക്കട്ടെയെന്നും പ്രാർഥിച്ചു.

യോഗി ആദിത്യനാഥിന്റെ ജന്മനാടായ പഞ്ചൂർ ഗ്രാമത്തിലാണ് സാവിത്രി ദേവി താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് ആനന്ദ് സിങ് ബിഷ്ട് 2020ലാണ് അന്തരിച്ചത്. അന്ന് കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ പിതാവിന്റെ സംസ്കാരച്ചടങ്ങിൽ യോഗിക്ക് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

 

Tags:    
News Summary - Yogi Adityanath Mother Savitri Devi Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.