ന്യൂഡൽഹി: യുദ്ധം അവസാനിപ്പിക്കാനും സമാധാനം വീണ്ടെടുക്കാനുമുള്ള ലിയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനത്തിന് പൂർണ പിന്തുണയുമായി കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ)യും അഖിലേന്ത്യ കത്തോലിക്കാ യൂനിയനും (എ.ഐ.സി.യു) രംഗത്ത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മാർപാപ്പയുടെ ആഹ്വാനം പ്രതീക്ഷയുടെ കിരണമാണെന്ന് വ്യക്തമാക്കിയ സി.ബി.സി.ഐ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാർപാപ്പക്കെതിരെ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകളെ ശക്തമായി അപലപിച്ചു. അദ്ദേഹം നടത്തിയ പരാമർശങ്ങൾ തികച്ചും അനാവശ്യവും ലോകമെമ്പാടുമുള്ള ക്രൈസ്തവരെ അപമാനിക്കുന്നതുമാണെന്ന് സി.ബി.സി.ഐ പി.ആർ.ഒ പുറപ്പെടുവിച്ച വാർത്താക്കുറിപ്പ് വിശദീകരിച്ചു. നിർമിതബുദ്ധിയുടെ സഹായത്തോടെ സ്വയം യേശുവായി ചിത്രീകരിച്ച് പ്രചരിപ്പിച്ച ട്രംപിന്റെ നടപടിയെയും സി.ബി.സി.ഐ അപലപിച്ചു.
യുദ്ധവിരാമത്തിന് ആഹ്വാനം ചെയ്യാനുള്ള മാർപാപ്പയുടെ ധാർമിക കടമയോടൊപ്പമാണ് നിലകൊള്ളുന്നതെന്ന് സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ പൂല ആന്റണി പ്രസ്താവിച്ചു. ഡോണൾഡ് ട്രംപ് നടത്തിയ അമാന്യമായ പരാമർശങ്ങളും, എ.ഐ നിർമിത ചിത്രവും എല്ലായിടത്തുമുള്ള വിശ്വാസി സമൂഹത്തെ വ്രണപ്പെടുത്തുന്നതാണെന്നും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യഥാർഥ നേതൃഗുണത്തിന് വിനയവും മറ്റുള്ളവരോടുള്ള ആദരവുമാണ് വേണ്ടത്, ആത്മീയ നേതാക്കളെ അപകീർത്തിപ്പെടുത്തലല്ല. വിവേകവും സൗഹാർദവും നിലകൊള്ളട്ടെയെന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള ലിയോ പതിനാലാമൻ മാർപാപ്പയുടെ ആഹ്വാനത്തിന് അഖിലേന്ത്യ കത്തോലിക്കാ യൂനിയൻ (എ.ഐ.സി.യു) ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അമേരിക്കയും ഇസ്രായേലും ഇറാനും ഉൾപ്പെട്ട യുദ്ധത്തിന് വിരാമമിടാൻ സംഭാഷണത്തിന്റെ മാർഗം പിന്തുടരണമെന്നും സമാധാനം വീണ്ടെടുക്കണമെന്നുമാണ് മാർപാപ്പ ആഹ്വാനം ചെയ്തത്. സംഘർഷഭരിതമായ കാലയളവിൽ മാനവരാശിക്ക് മുഴുവനായി സമാധാനത്തിലും സഹാനുഭൂതിയിലും ഊന്നിയ സുവിശേഷത്തിന്റെ ശബ്ദമാണ് മാർപാപ്പയുടെ ആഹ്വാനത്തിലുള്ളതെന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കത്തോലിക്കാ അൽമായ സംഘടനയായ എ.ഐ.സി.യു ദേശീയ അധ്യക്ഷൻ ഏലിയാസ് വാസ് വ്യക്തമാക്കി.
എഫ്.സി.ആർ.എ ഭേദഗതി നീക്കത്തെയും കത്തോലിക്കാ യൂനിയൻ വിമർശിച്ചു. ലോകശ്രദ്ധ പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് തിരിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയിൽ സർക്കാർ മതപരമായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതും, മതേതര ജനാധിപത്യ സംവിധാനത്തിന് തുരങ്കംവെക്കുന്നതുമായ നീക്കവുമായി വന്നതെന്നും സംഘടന ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.