സാമ്പത്തിക ഉപരോധം 57 ദിവസം പിന്നിട്ടു; മണിപ്പൂരില്‍ മെഡിക്കല്‍ അടിയന്തരാവസ്ഥ

ഇംഫാല്‍: മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ആശുപത്രിയിലേക്ക് 38 കിലോമീറ്റര്‍ ദൂരം താണ്ടി വൃക്കരോഗിയായ പിതാവിനെ ഡയാലിസിസിന് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ് ദിജന്‍ സിങ്. എന്നാല്‍, ഏതു നിമിഷവും ചികിത്സ മുടങ്ങിയേക്കുമെന്ന ആധിയില്‍ ആണ് ദിജനും അദ്ദേഹത്തിന്‍െറ പിതാവ് ജോഗേശ്വര്‍ സിങ്ങും.

യുനൈറ്റഡ് നാഗാ കൗണ്‍സില്‍ (യു.എന്‍.സി) ആഹ്വാനം ചെയ്ത സാമ്പത്തിക ഉപരോധം 57 ദിവസം പിന്നിടവെ ദിജന്‍െറ പിതാവിനെപ്പോലെ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ആയിരക്കണക്കിന് രോഗികളാണ് സംസ്ഥാനത്ത് നരകയാതനയുടെ വക്കില്‍ എത്തിനില്‍ക്കുന്നത്. 

ഏഴു പുതിയ ജില്ലകള്‍ രൂപവത്കരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് യു.എന്‍.സി സമരം നടത്തുന്നത്.
പുതുതായി രൂപവത്കരിക്കുന്ന ജില്ലകള്‍ നാഗാ ഗോത്രവിഭാഗത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. ജീവന്‍രക്ഷാ മരുന്നുകളുടെയും ഉപകരണങ്ങളുടെയും ദൗര്‍ലഭ്യത്തിനിടെയാണ് മിക്ക ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്.

ഓക്സിജന്‍െറയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെയും ക്ഷാമം കടുത്തതോതില്‍ ആശുപത്രികളെ വലക്കുന്നതായാണ് റിപ്പോര്‍ട്ട്.
എത്രയും വേഗം ഉപരോധം നീക്കാനായില്ളെങ്കില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാവുമെന്നും രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെക്കേണ്ടിവരുമെന്നും ഷൈജ ആശുപത്രിയിലെ ഡോക്ടര്‍ കെ.എച്ച്. പാലിന്‍ പറഞ്ഞു. 

ഇംഫാലിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണിത്. 20ഓളം വൃക്കരോഗികള്‍ ആണ് ഇവിടെ മാത്രം പ്രതിദിനം ഡയാലിസിസിസ് വിധേയരാവുന്നത്. എന്നാല്‍, അടുത്ത അഞ്ചു ദിവസത്തേക്കുള്ള ഡയാലിസിസ് മരുന്ന് മാത്രമാണ് ആശുപത്രിയില്‍ ഉള്ളതെന്ന് അദ്ദേഹം പറയുന്നു.
പല ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ജോലിക്ക് ഹാജരാവാനും കഴിയുന്നില്ല.

Tags:    
News Summary - Medical emergency in Manipur: 57-day blockade cripples health services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.