ഇംഫാൽ: സംയുക്ത കർമസമിതി ആഹ്വാനംചെയ്ത ബന്ദിൽ മണിപ്പൂരിലെ ഇംഫാൽ താഴ്വരയിലുള്ള അഞ്ചു ജില്ലകളിലെ ജനജീവിതം സ്തംഭിച്ചു. ഡിസംബർ 14ന് തൗബാലിൽ പൊലീസുമായുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതും ആറുപേരുടെ അറസ്റ്റുമാണ് ബന്ദാഹ്വാനത്തിന് പിന്നിൽ. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. പൊതുവാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സംയുക്ത കർമസമിതി പ്രകടനം നടത്തി റോഡിൽ ടയറിന് തീയിട്ടു. ബിഷ്ണുപൂരിൽ ബന്ദനുകൂലികൾ വാഹനങ്ങൾ ആക്രമിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറു മുതൽ 24 മണിക്കൂറായിരുന്നു ബന്ദ്. നിരവധി മെയ്തി പൗരസംഘടനകൾ ഭാഗമായ ‘കോ ഓഡിനേഷൻ കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി’യുടെ വനിത, വിദ്യാർഥി വിഭാഗങ്ങൾ ബന്ദിന് പിന്തുണ അറിയിച്ചിരുന്നു.
ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന നിരോധിത സംഘടനയിൽപെട്ടവരെയാണ് അറസ്റ്റു ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടയാളും ഇതിൽപെട്ടതാണ്. ഇവരിൽനിന്ന് വലിയതോതിൽ ആയുധങ്ങളും കണ്ടെടുത്തിരുന്നു. എന്നാൽ, കുക്കി സംഘങ്ങളിൽനിന്നുള്ള ആക്രമണം തടയാൻ നിയോഗിക്കപ്പെട്ട ഗ്രാമ വളന്റിയർമാരാണ് ഇവരെന്നാണ് ബന്ദനുകൂലികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.