കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാൻ കനത്ത ശമ്പളമുള്ള ജോലി രാജിവെച്ച് യുവാവ്

ഖരഗ്പൂർ: കുഞ്ഞിനെ നോക്കാൻ ഉയർന്ന ശമ്പളമുള്ള ജോലിയുപേക്ഷിച്ച യുവാവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരം. ഒരു അഭിമുഖത്തിനിടെയാണ് അങ്കിത് ജോഷിയെന്ന ഐ.ഐ.ടി ബിരുദധാരി ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതാനും മാസങ്ങൾക്കു മുമ്പാണ് അങ്കിത് കനത്ത ശമ്പളമുള്ള ജോലിക്ക് ചേർന്നത്. എന്നാൽ മകൾ ജനിച്ചതോടെ അ​വളോടൊപ്പം സമയം ചെലവഴിക്കാൻ ജോലി ഉപേക്ഷിക്കുകയായിരുന്നു. 

'വിഡ്ഢിത്തമായ ഒരു തീരുമാനമാണ് ഇതെന്ന് എനിക്കറിയാം. മുന്നോട്ട് ജീവിക്കാൻ വളരെ ബുദ്ധിമുട്ടുമെന്ന് ആളുകൾ എന്നെ ഉപദേശിക്കുകയും ചെയ്തതാണ്. എന്നാൽ ഭാര്യ ആകാംക്ഷ പൂർണ പിന്തുണയാണ് നൽകിയത്'-യുവാവ് പറയുന്നു.

അങ്കിതിന് ജോലിയാവശ്യാർഥം വിവിധ നഗരങ്ങളിലേക്ക് അടിക്കടി യാത്ര ചെയ്യേണ്ടത് അനിവാര്യമായിരുന്നു. എന്നാൽ മകൾ സ്പിതി ജനിച്ചതോടെ യാത്ര ബുദ്ധിമുട്ടായി മാറി. തുടർന്നാണ് മകളെ നോക്കാനായി ജോലിയിൽ നിന്ന് ഇടവേളയെടുത്താലോ എന്ന് ആലോചിച്ചത്. കമ്പനി കുറെ കാലം ലീവ് തരാൻ ഒരു സാധ്യതയുമില്ല. തുടർന്ന് രാജിക്കത്ത് നൽകുകയായിരുന്നു.

അച്ഛനിലേക്കുള്ള ജോലിക്കയറ്റമാണിതെന്നും മറ്റെന്തിനേക്കാളും അതേറെ ആസ്വദിക്കുന്നുവെന്നും അങ്കിത് വ്യക്തമാക്കി. ജോലി രാജിവെച്ച ശേഷം മകളെ ചുറ്റിപ്പറ്റിയായി അങ്കിതി​ന്റെ ജീവിതം. അങ്കിതിന്റെ ഭാര്യ മാതൃത്വ അവധിയിലാണ്. അവധി കഴിഞ്ഞാലും അങ്കിത് വീട്ടിലുണ്ടാകുമെന്നതിനാൽ ആകാംക്ഷക്ക് ധൈര്യമായി ജോലിക്ക് പോകാം.


Tags:    
News Summary - Man quits job to spend time with newborn, calls It promotion to fatherhood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.