മധുസൂദൻ മിസ്ത്രി എന്ന കോൺഗ്രസിന്‍റെ 'ടി.എൻ. ശേഷൻ' ചില്ലറക്കാരനല്ല

കോൺഗ്രസ് ചരിത്രത്തിലെ ആറാമത്തെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയ എ.ഐ.സി.സി ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പ്രവർത്തകർക്കിടയിൽ ഇപ്പോൾ അറിയപ്പെടുന്നത് കോൺഗ്രസിന്‍റെ 'ടി.എൻ. ശേഷൻ' എന്നാണ്. 22 വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പരാതിക്ക് ഇടംനൽകാതെ പൂർത്തിയാക്കുക എന്ന വെല്ലുവിളിയാണ് മിസ്ത്രി നേരിട്ടത്. പ്രത്യേകിച്ചും മുതിർന്ന നേതാക്കളുമായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരും സ്ഥാനാർഥികളായി വന്ന തെരഞ്ഞെടുപ്പാണ് മിസ്ത്രി വിജയകരമായി പൂർത്തിയാക്കിയത്.

മുതിർന്ന നേതാക്കളിൽ നിന്ന് തുല്യ സമീപനമല്ല ഇരുസ്ഥാനാർഥികൾക്കും ലഭിക്കുന്നതെന്ന ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തരൂർ ക്യാമ്പ് ഉന്നയിച്ചിരുന്നു. എന്നാൽ, തരൂർ ഉയർത്തിയ ആരോപണമടക്കം കൈകാര്യം ചെയ്ത മിസ്ത്രി, മൽസരഫലം അംഗീകരിച്ച് ഇരുസ്ഥാനാർഥികളും മുന്നോട്ട് പോകുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചു. മിസ്ത്രിയുടെ നീതിബോധവും സൂക്ഷ്മതയും പുലർത്തുന്ന ഈ നടപടി പാർട്ടിയിൽ പ്രശംസക്ക് ഇടയാക്കി.

തലമുടി പാറിപ്പറക്കുന്ന 'ടി.എൻ. ശേഷനാ'ണ് മിസ്ത്രി എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വിശേഷിപ്പിച്ചത്. സൂക്ഷ്മവും സ്വതന്ത്രവും നീതിപൂർവകവും സുതാര്യവുമായ തെരഞ്ഞെടുപ്പ് വേണമെന്ന് നിർബന്ധവുമുള്ള ആളാണ് മിസ്ത്രി. അതുകൊണ്ടാണ് കർക്കശക്കാരനും കക്ഷിരഹിതനുമായ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടി.എൻ ശേഷനുമായി മിസ്ത്രിയെ ജയറാം രമേശ് താരതമ്യം ചെയ്തത്.

മിസ്ത്രിയുടെ കർശന നിർദേശം വന്നതിന് പിന്നാലെ ഒരു സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്താനായി മൂന്നു പാർട്ടി വക്താക്കളാണ് രാജിവെച്ചതെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. മിസ്ത്രി കക്ഷി രാഷ്ട്രീയത്തിനതീതമായി ഉയർന്ന നിലവാരം പുലർത്തുന്ന ആളാണെന്നും വോട്ടെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള പരാതികൾ തെറ്റായതും അടിസ്ഥാനരഹിതവുമാണെന്നും ജയറാം രമേശ് വ്യക്തമാക്കുന്നു.

മിസ്ത്രിയുടെ രാഷ്ട്രീയ ജീവിതം ആശ്ചര്യകരവും നിരവധി കയറ്റങ്ങളും ഇറക്കങ്ങളും നേരിട്ടതുമാണ്. ശങ്കർ സിങ് വഗേലയുടെ രാഷ്ട്രീയ ജനത പാർട്ടിയുടെ (ആർ.ജെ.പി) ഭാഗമായിരുന്നു മിസ്ത്രി. പിന്നീട് ആർ.ജെ.പി കോൺഗ്രസിൽ ലയിച്ചതോടെ പാർട്ടി പ്രവർത്തനങ്ങളിൽ മിസ്ത്രി മുഴുകി.

2001ൽ സബർകന്ത ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ച അദ്ദേഹം 13-ാം ലോക്സഭയിൽ അംഗമായി. 2004ൽ ഇതേസീറ്റിൽ വിജയം ആവർത്തിച്ചു. നിരവധി പാർലമെന്‍ററി സിമിതികളിൽ അംഗമായിരുന്നു. 2009ലെ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ ബി.ജെ.പിയുടെ മഹേന്ദ്രസിങ് ചൗഹാനോട് പരാജയപ്പെട്ടു.

2014 ലോക്സഭ തെരഞ്ഞെടുപ്പിൽ വഡോദര ലോക്സഭ സീറ്റിൽ നരേന്ദ്ര മോദിക്കെതിരെ മൽസരിക്കാനുള്ള വെല്ലുവിളിയാണ് മിസ്ത്രിയെ പാർട്ടി നിയോഗിച്ചത്. മോദിയോട് പരാജയപ്പെട്ട മിസ്ത്രിയെ കോൺഗ്രസ് രാജ്യസഭാംഗമാക്കി. ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അടക്കം നിരവധി എ.ഐ.സി.സി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുക, ഹ്രസ്വമായി സംസാരിക്കുക, വാക് വാദങ്ങളിൽ അകപ്പെടാതിരിക്കുക എന്നിവയെല്ലാം മധുസൂദൻ മിസ്ത്രിയുടെ സ്വഭാവ സവിശേഷതകളാണ്.

Tags:    
News Summary - Madhusudan Mistry as Congress' 'TN Seshan'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.