‘രാഹുൽ ഗാന്ധീ, ഇതല്ല കോൺഗ്രസ് നിലപാട്, സോണിയയുടെയും ഇന്ത്യയുടെയും നിലപാടും ഇതല്ല’ -ഇസ്രായേൽ അനുകൂല പ്രസ്താവനക്കെതിരെ ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: ഇസ്രായേൽ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെയും സോണിയയുടെയും ഇന്ത്യയുടെയും നിലപാട് രാഹുൽ ഗാന്ധി പറഞ്ഞതല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇസ്രായേലുമായി ശക്തമായ ബന്ധം പുലർത്തുന്നതിനെ പിന്തുണക്കുന്നുവെന്ന രാഹുലിന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതായിരിക്കു​മെന്ന് വിശ്വസിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് വ്യക്തത വരുത്തണമെന്നും ബ്രിട്ടാസ് പറഞ്ഞു.

‘ഇസ്രായേൽ ജനത തന്നെ നെതന്യാഹുവിനെ തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ഇസ്രായേലുമായി എന്ത് തന്ത്രപ്രധാന ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്? ഇസ്രായേൽ വിഷയത്തിൽ കേന്ദ്രസർക്കാരും ബി.ജെ.പിയും സ്വീകരിക്കുന്ന നിലപാടിനോട് ചേർന്നുനിൽക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണമെന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ അസ്വസ്ഥജനകമാണ്. രാഹുലിന്റെ പ്രതികരണം വളച്ചൊടിക്കപ്പെട്ടതോ ശരിയായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തതോ ആണെന്ന് വിശ്വസിക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

അമേരിക്കയിലെ ജനങ്ങൾ പോലും ഡൊണാൾഡ് ട്രംപിന്റെ ഇസ്രായേൽ നയം തെറ്റാണെന്ന് പറയുകയാണ്. ഇസ്രായേൽ ജനത തന്നെ ബിന്യമിൻ നെതന്യാഹുവിനെ തള്ളിക്കളഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇസ്രായേലുമായി എന്ത് തന്ത്രപ്രധാന ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്? ഇന്ത്യയുടെ മനസ്സാക്ഷി എന്താണ്?

ഇംഗ്ലീഷുകാർക്ക് ഇംഗ്ലണ്ടും ഫ്രഞ്ചുകാർക്ക് ഫ്രാൻസും അവകാശപ്പെട്ടതുപോലെ ഫലസ്തീനികൾക്ക് അവകാശപ്പെട്ടതാണ് ഫലസ്തീനെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. അറബ് രാജ്യങ്ങൾക്ക് പുറത്ത് ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ ചരിത്രപരമായ നിലപാടും കോൺഗ്രസിന്റെ സമീപനവും മനസ്സിലാക്കാതെയാണോ രാഹുൽ ഗാന്ധി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന സംശയം രാജ്യത്തുടനീളം ഉയരുന്നുണ്ട്.

ചിക്കാഗോയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രതികരണങ്ങൾ ശരിയായ രീതിയിലല്ല പുറത്തുവന്നതെന്ന് മഹാത്മാഗാന്ധിയുടെ പൗത്രനായ തുഷാർ ഗാന്ധി വിശദീകരിച്ചിരുന്നു. എന്നാൽ, ഇത്തരമൊരു വിശദീകരണം നൽകേണ്ടത് തുഷാർ ഗാന്ധിയാണോ, അതോ രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയുമാണോ എന്നതാണ് ചോദ്യം. ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം വ്യക്തത വരുത്തണം.

ഗസ്സയിൽ നടക്കുന്നത് വംശഹത്യയും കൂട്ടക്കുരുതിയുമാണെന്ന് ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി നേരത്തെ ദി ഹിന്ദു ദിനപത്രത്തിൽ ലേഖനമെഴുതിയിട്ടുണ്ട്. മനുഷ്യത്വവും ധാർമികതയും കൈവിട്ട സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നായിരുന്നു സോണിയയുടെ വിമർശനം. നെതന്യാഹുവും നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിബന്ധമല്ല ഇന്ത്യയുടെ വിദേശനയത്തെ നിർണയിക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയിലെ മുൻ ഇസ്രായേൽ സ്ഥാനപതി രാഹുൽ ഗാന്ധിയുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയതായി വെളിപ്പെടുത്തിയതും ശ്രദ്ധേയമാണ്. പ്രിയങ്ക ഗാന്ധി പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി പാർലമെന്റിലെത്തിയതും ഓർമിക്കണം. രാഹുലിന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ് പ്രതികരണം നടത്തിയതായി കണ്ടിട്ടില്ല.

ഇസ്രായേൽ ഗസ്സയിൽ നടത്തിയ കൂട്ടക്കുരുതിയെ ന്യായീകരിക്കാനാവില്ല. ഇന്ത്യയിൽനിന്ന് ഇസ്രായേലിലേക്ക് 2500ലേറെ ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും ഉൾപ്പെട്ട ഷിപ്മെന്റുകൾ പോയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഗസ്സയിലെ രക്തച്ചൊരിച്ചിലിൽ ഇന്ത്യക്ക് പങ്കുണ്ടാകരുത്’ -ബ്രിട്ടാസ് പറഞ്ഞു.

Tags:    
News Summary - John Brittas slams Rahul’s pro-Israel remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.