നിയന്ത്രണം അടുക്കളയിൽ മാത്രം, ജീവനക്കാർക്കില്ല; വിവാദമായതോടെ മാംസാഹാര വിലക്കിൽ തിരുത്തുമായി ലോക്ഭവൻ

തിരുവനന്തപുരം: മത്സ്യ-മാംസാഹാരം വിലക്കിയതിൽ വിവാദം കനത്തതോടെ തിരുത്തുമായി ലോക്ഭവൻ. ലോക്ഭവനിൽ ഇനി സസ്യാഹാരങ്ങൾ മാത്രം വിളമ്പിയാൽ മതിയെന്ന് അധികാരമേൽക്കും മുൻപ് തന്നെ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ നിർദേശം നൽകിയിരുന്നു. എന്നാൽ ലോക്ഭവനിലെ അടുക്കളയിൽ മാത്രമാണ് മത്സ്യ-മാംസാഹാര വിലക്കെന്നും ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരുവിധ നിയന്ത്രണവുമില്ലെന്നും അധികൃതർ വ്യക്തമാക്കി.

മാഥൂർ ശുദ്ധ സസ്യാഹാരിയാണെന്നും ആ കാരണം കൊണ്ടാണ് മാറ്റത്തിന് ഉത്തരവിട്ടതെന്നും ഗവർണറുടെ ഓഫീസ് വിശദീകരിച്ചു. ലോക്ഭവനിൽ ഇനി സസ്യാഹാരങ്ങൾ മാത്രം വിളമ്പിയാൽ മതിയെന്ന ഉത്തരവ് വിവാദത്തിന് ഇടയാക്കിയതോടെയാണ് ഗവർണറുടെ ഓഫീസിന്റെ മലക്കംമറിച്ചിൽ.

അധികാരമേൽക്കും മുൻപ് തന്നെ മാഥൂർ മാംസാഹാരം വിലക്കി ഉത്തരവിട്ടതിനെതിരെ കോൺഗ്രസും സി.പി.എമ്മും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.യാണ് ഗവർണറുടെ നിർദേശത്തിനെതിരെ ആദ്യ വെടിപൊട്ടിച്ചത്. പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തുവന്നു.

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തിവെച്ചവർ ഇപ്പോൾ ഭക്ഷണസ്വാതന്ത്ര്യം കൂടി കവർന്നെടുക്കുകയാണെന്ന് വേണുഗോപാൽ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കാതെ ഗവർണർ ഇത്തരമൊരു തീട്ടൂരം നൽകിയത് കടന്ന കൈയായിപ്പോയി. സമ്മിശ്ര ഭക്ഷണസംസ്കാരമുള്ള നാടാണ് കേരളം. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേർപ്പെടുത്താനോ ഇനി എന്ത് കഴിക്കണമെന്ന നിർദേശം പുറപ്പെടുവിക്കാനോ ആരെങ്കിലും ശ്രമിച്ചാൽ അംഗീകരിക്കാനാവില്ല. ഇത്തരം അന്ത്യശാസനങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വേണുഗോപാൽ പറഞ്ഞു.

ഗവർണർക്ക് വെജിറ്റേറിയൻ മതിയെങ്കിൽ അത് കഴിക്കാമെന്നും അവിടുത്തെ മുഴുവൻ മനുഷ്യരും അങ്ങനെ മാത്രമേ കഴിക്കാൻ പാടുള്ളൂവെന്ന് പറയാനുള്ള അവകാശം ഒരു വ്യക്തിക്കുമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വെജിറ്റേറിയൻ വേണ്ടവർക്ക് അതും നോൺ വെജിറ്റേറിയൻ വേണ്ടവർക്ക് അതും കഴിക്കാൻ ജനാധിപത്യ അവകാശമുള്ള നാടാണ് ഇന്ത്യ. അതില്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നതും സത്യമാണ്. ഇതിനു പിന്നിൽ വർഗീയ ധ്രുവീകരണത്തിനുള്ള സംഘപരിവാർ അജണ്ടകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റുള്ളവർ എന്ത് കഴിക്കണമെന്ന് നമ്മൾ തീരുമാനിക്കുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏത് വസ്ത്രം ധരിക്കണം, ഏത് ഭാഷ സംസാരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നിവയെല്ലാം വ്യക്തിസ്വാതന്ത്ര്യമാണെന്നും ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെ ചെന്നിത്തല വ്യക്തമാക്കി.

Tags:    
News Summary - Lok Bhavan amends meat ban- Restriction is only in the kitchen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.