ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഓൺലൈൻ കാമ്പയിൻ ആരംഭിച്ച് സി.ജെ.പി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഉടൻ പദവി ഒഴിയണമെന്നും ആവശ്യപ്പെട്ട് ഓൺലൈൻ കാമ്പയിൻ തുടങ്ങി കോക്രോച്ച് ജനതാ പാർട്ടി. എസ്.ഐ.ആർ വിവാദങ്ങളും കമീഷനകത്തെ ഭിന്നതകളും രാജ്യവ്യാപകമായി ചർച്ചയാകുന്നതിനിടയിലാണ് സി.ജെ.പിയുടെ ഈ നിർണായക നീക്കം. ഇൻസ്റ്റഗ്രാമിലൂടെ തുടങ്ങിയ ഓൺലൈൻ കാമ്പയിനിൽ പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് സി.ജെ.പി മുന്നോട്ടുവെച്ചിരിക്കുന്നത്.

48 മണിക്കൂറിനുള്ളിൽ സി.ഇ.സി ഗ്യാനേഷ് കുമാർ രാജി വെക്കുക, വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും ഉടൻ നിർത്തിവെക്കുക, തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമം റദ്ദാക്കുക എന്നിവയാണ് ഓൺലൈൻ കാമ്പയിനിലൂടെ സി.ജെ.പി ഉന്നയിച്ച ആവശ്യങ്ങൾ.

വിഷയത്തിൽ 48 മണിക്കൂറിനുള്ളിൽ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും, അല്ലാത്തപക്ഷം ജന്തർമന്തർ മാതൃകയിൽ ശക്തമായ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും വ്യാഴാഴ്ച വൈകീട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകർന്നിരിക്കുന്നുവെന്നും കമീഷന്റെ സ്വയംഭരണാധികാരം നഷ്ടപ്പെട്ടെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനാധിപത്യം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും സി.ജെ.പി കുറ്റപ്പെടുത്തി.

വോട്ട് ചോർച്ചയ്ക്കും നടപടികൾക്കും പിന്നിൽ ഉത്തരവിട്ടതാരെന്ന് കണ്ടെത്താൻ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കണം. എസ്.ഐ.ആർ മരവിപ്പിച്ച്, 2025 ജനുവരിയിലെ വോട്ടർ പട്ടിക പുനഃസ്ഥാപിക്കണമെന്നും അതേക്കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര കമീഷനെ നിയോഗിക്കണമെന്നും സി.ജെ.പി ആവശ്യപ്പെടുകയുണ്ടായി. വിഷയത്തിൽ നിർണായകമായ നടപടി ഉടൻ സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് നീക്കമെന്ന് സി.ജെ.പി വക്താവ് അഭീജിത് ദിപ്കെ അറിയിച്ചു.

Tags:    
News Summary - Cockroach Janata Party Launches Online Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.