'വേർപിരിഞ്ഞവർ അധികാരത്തിന് വേണ്ടി ഒരുമിക്കുന്നു'; ബിജെപി, അകാലിദൾ സഖ്യത്തെ പരിഹസിച്ച് അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ആറ് വർഷത്തെ ഇടവേളക്ക് ശേഷം സഖ്യം പ്രഖ്യാപിച്ച ശിരോമണി അകാലിദളിനെയും ബി.ജെ.പിയെയും പരിഹസിച്ച് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. അധികാരത്തിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ പരസ്പരം കൈകോർത്ത് വേർപിരിഞ്ഞ ശേഷം വീണ്ടും ഒന്നിക്കുകയാണെന്നും കെജ്രിവാൾ പരോക്ഷമായി വിമർശിച്ചു. 2020ൽ കേന്ദ്രസർക്കാറിന്റെ കാർഷികനയങ്ങളോടുള്ള വിയോജിപ്പിനെത്തുടർന്നാണ് അകാലിദൾ എൻ.ഡി.എ സഖ്യം വിട്ടത്. എന്നാലിപ്പോൾ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ ഒരുമിച്ച് മത്സരിക്കാനാണ് ഇരു കക്ഷികളും സഖ്യം പ്രഖ്യാപിച്ചത്.
അതേസമയം, ജനങ്ങളോടുള്ള ആം ആദ്മി പാർട്ടിയുടെ പ്രതിബദ്ധതയും കെജ്രിവാൾ ചൂണ്ടിക്കാട്ടി. അധികാരത്തിന് വേണ്ടിയല്ല, പഞ്ചാബിലെ ജനങ്ങൾക്കൊപ്പമാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടിയെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ, കർഷകർ, ദലിതർ തുടങ്ങിയവരാണ് സഖ്യകക്ഷികളെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. പഞ്ചാബിന്റെ വികസനത്തിനായി എ.എ.പി ഉറച്ച് നിൽക്കുമെന്നും കെജ്രിവാൾ വാഗ്ദാനം നൽകിയിട്ടുണ്ട്.
ആറ് വർഷത്തെ പിണക്കത്തിന് ശേഷം ബിജെപിയും ശിരോമണി അകാലിദളും ഒന്നിക്കുന്നു?; പഞ്ചാബിൽ വീണ്ടും എൻ.ഡി.എ സഖ്യം
വിവാദ കർഷക നിയമങ്ങളെച്ചൊല്ലി വേർപിരിഞ്ഞ് ആറ് വർഷത്തിലേറെ പിന്നിടുമ്പോൾ, 2027-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടിയും ശിരോമണി അകാലിദളും വീണ്ടും സഖ്യത്തിലേക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടക്കുന്ന സംയുക്ത വാർത്താസമ്മേളനത്തിൽ സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ എന്നിവർ ചേർന്നായിരിക്കും സഖ്യപ്രഖ്യാപനം നടത്തുക. 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജന ചർച്ചകൾ ഇരുപാർട്ടികളും തമ്മിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.