‘വിജയ് ക്രിസ്ത്യാനിയായതിനാലെന്ന് കരുതും’; തിരുപ്പറകുൺറം വിഷയത്തിൽ വർഗീയ പരാമർശവുമായി ബിജെപി അധ്യക്ഷൻ

ചെന്നൈ: തിരുപ്പറകുൺറം കാർത്തിക ദീപം വിവാദത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മതപരാമർശവുമായി സംസ്ഥാന ബി ജെ പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. സുപ്രീം കോടതി അനുമതി നൽകിയിട്ടും ദീപം തെളിയിക്കാൻ അനുവദിച്ചില്ലെങ്കിൽ മുഖ്യമന്ത്രി ക്രിസ്ത്യ മത വിശ്വാസിയായതുകൊണ്ടാണെന്ന് കരുതണമെന്ന് നൈനാർ നാഗേന്ദ്രൻ പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കാൻ തയ്യാറായില്ലെങ്കിൽ അത് സുപ്രീം കോടതിയോടുള്ള അനാദരവാണെന്നും നൈനാർ നാഗേന്ദ്രൻ ആരോപിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ തിരുപ്പറകുൺറത്തെത്തുമെന്നും ദീപം തെളിയിക്കുന്നുണ്ടോയെന്ന് നേരിട്ട് നിരീക്ഷിക്കുമെന്നും നാഗേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നതിൽനിന്ന് സർക്കാർ പിന്മാറിയാൽ സുപ്രീംകോടതി വിധിയെ പരസ്യമായി ധിക്കരിക്കുന്ന ആദ്യ മുഖ്യമന്ത്രിയായി വിജയ് മാറുമെന്നും നാഗേന്ദ്രൻ ആരോപിച്ചു.

ദീപത്തൂണിൽ നവംബർ 24ന് ദീപം തെളിയിക്കാൻ സുപ്രീം കോടതി ഒറ്റത്തവണത്തേക്ക് അനുമതി നൽകിയിരുന്നു. ക്ഷേത്രഭരണസമിതിയുടെ അംഗീകൃത പ്രതിനിധികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. പൊതുജനങ്ങൾക്കും ഘോഷയാത്രകൾക്കും പ്രകടനങ്ങൾക്കും സ്ഥലത്ത് പ്രവേശനം അനുവദിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. മധുര ജില്ലാ കലക്ടറെ ക്രമീകരണങ്ങളുടെ നോഡൽ ഓഫിസറായും ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ പുനഃപരിശോധനാ ഹരജി നൽകി. ദീപം തെളിയിക്കുന്നതിന്റെ പതിവ് സ്ഥലം മാറ്റുന്നത് നിയമപരവും ഭരണപരവുമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും സാമുദായിക സൗഹാർദത്തെ ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ സംഭവത്തിലെ അന്തിമ തീരുമാനമല്ലെന്നും ഇടക്കാല ഉത്തരവ് മാത്രമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Nainar Targets Vijay Over karthikadeepam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.