മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി (വീഡിയോ ദൃശ്യം/എക്സ്)
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താൻ സുരക്ഷ മനഃപൂർവം പിൻവലിച്ചെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചതാണെന്നും അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിയതാണെന്നും ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പിതാവിന്റെ സുരക്ഷയെക്കുറിച്ച് താൻ നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ രാജീവ് ഗാന്ധിയുമായി തർക്കിച്ചിരുന്നുവെന്നും രാഹുൽ പറഞ്ഞു.
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങിങ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകവുമായി ബന്ധപ്പെട്ട സംഭാഷണത്തിലാണ് കുടുംബം പഴയ ഓർമകൾ പങ്കുവെച്ചത്.
രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് യാദൃച്ഛികമായിരുന്നില്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നുമാണ് രാഹുലിന്റെ ആരോപണം. സംഭാഷണ വിഡിയോ രാഹുൽ എക്സിൽ പങ്കുവെച്ചതിനെ തുടർന്ന് രാജീവ് വധം വീണ്ടും ചർച്ചകളിൽ നിറയുകയാണ്.
പിതാവിന്റെ സുരക്ഷ ശക്തമാക്കിയില്ലെങ്കിൽ വൈകാതെ അദ്ദേഹത്തിന്റെ ശവസംസ്കാരത്തിന് എത്തേണ്ടിവരുമെന്ന് ഭയപ്പെടുന്നതായി രാഹുൽ തന്നോട് പറഞ്ഞിരുന്നുവെന്നും സോണിയ വെളിപ്പെടുത്തി. ബിഹാർ യാത്ര തന്റെ ആശങ്കകൾ കൂടുതൽ ശക്തമാക്കിയെന്നും അതിനുമുമ്പുതന്നെ പിതാവിന്റെ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും രാഹുൽ പ്രതികരിച്ചു.
ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനുശേഷം രാജീവിന്റെ സുരക്ഷയിൽ രാഹുൽ അതീവ ജാഗ്രത പുലർത്തിയിരുന്നുവെന്ന് പ്രിയങ്കയും പറഞ്ഞു. വീടിന് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുന്നതും കാവൽക്കാരുടെ ജാഗ്രത നിരീക്ഷിക്കുന്നതും പതിവായിരുന്നുവെന്നും അവർ ഓർത്തെടുത്തു.
രാഷ്ട്രീയ ജീവിതത്തിൽ സോണിയ നേരിട്ട അധിക്ഷേപങ്ങളും സംഭാഷണത്തിൽ പരാമർശിച്ചു. അമ്മ അപമാനിക്കപ്പെടുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അതിൽ വേദനയുണ്ടെന്നും രാഹുൽ പറഞ്ഞു.
2004ൽ പ്രധാനമന്ത്രി പദം നിരസിച്ചത് അധികാരത്തോടുള്ള താൽപര്യമില്ലാത്തതിനാലാണെന്ന് സോണിയയും വ്യക്തമാക്കി. രാജീവ് ഗാന്ധിയുടെ മരണശേഷം അമ്മയുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടായെന്നും പഴയ അമ്മയെ നഷ്ടപ്പെട്ടതുപോലെ തോന്നിയിരുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.