ബംഗളൂരു: നീതിനിർവഹണത്തിൽ കർണാടകയുടെ സ്ഥാനം ഏറെ പിന്നിൽ. ശനിയാഴ്ച ബംഗളൂരുവിൽ പ്രകാശനം ചെയ്ത ‘ഇന്ത്യ ജസ്റ്റിസ്’ റിപ്പോക റാർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്.
രാജ്യത്തെ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് നീതിന്യായനിർവഹണം നടത്തുന്നത് സംബന്ധിച്ച ഏങ്കിങ് ആണ് ഇത്. 2019ൽ നീതിനിർവഹണരംഗത്ത് കർണാടകക്ക് ആറാം സ്ഥാനമായിരുന്നു. എന്നാൽ 2020ൽ അത് 14ാം സ്ഥാനമായി മാറി. ‘വിധി-സെന്റർ ഫോർ ലീഗൽ പോളിസി ആൻഡ് ദക്ഷ്’ നടത്തിയ ചടങ്ങിലാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.
നിരവധി വിദഗ്ധന്മാരും നയരൂപവത്കരണമേഖലയിലെ പ്രശസ്തരുമാണ് റിപ്പോർട്ട് തയാറാക്കിയത്. ഇതോടനുബന്ധിച്ച് സെമിനാറും നടത്തി.
ജനങ്ങൾക്ക് കർണാടക പൊലീസ് സേനയിൽ വിശ്വാസമില്ലെന്ന് സർവേയിൽ തെളിഞ്ഞതായി കോമൺകോസ് കൂട്ടായ്മയിലെ ഗവേഷക രാധിക ഝാ ചടങ്ങിൽ പറഞ്ഞു. പൊലീസുകാർ മതത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നുണ്ട്.
മുസ്ലിംകളാണ് കൂടുതലായും കുറ്റകൃത്യങ്ങൾ നടത്തുന്നതെന്ന് 49 ശതമാനം പൊലീസുകാരും വിശ്വസിക്കുന്നതായി സർവേയിൽ കണ്ടെത്തി. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങളോട് പൊലീസ് വിവേചനം കാണിക്കുന്നുവെന്ന കാര്യത്തിൽ കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും സേനയിൽ പട്ടികജാതി-വർഗ-ഒ.ബി.സി പ്രാതിനിധ്യം കൂടിയിട്ടും എന്തുകൊണ്ടാണ് ഈ സാഹചര്യമെന്നതിൽ കൂടുതൽ ഗവേഷണം നടക്കേണ്ടതുണ്ടെന്നും പൊലീസ് കമീഷണർ പ്രതാപ് റെഡ്ഡി ചടങ്ങിൽ പറഞ്ഞു. വേഗത്തിലുള്ള നീതി എല്ലാവർക്കും ലഭ്യമാക്കാനുള്ള സൗകര്യങ്ങളെല്ലാം കർണാടകയിൽ ഉണ്ട്. മൂന്നുവർഷത്തിനുള്ളിൽ എട്ട് ഫോറൻസിക് ലാബുകളും മൊൈബൽ ലാബുകളും സ്ഥാപിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽനിന്ന് തെളിവുകൾ ശേഖരിക്കാനായി ശാസ്ത്രീയ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഉണ്ടെന്നും കമീഷണർ പറഞ്ഞു.
പൂർണമായ വിവരങ്ങളുടെ അഭാവമാണ് സംസ്ഥാനത്തിന്റെ സ്ഥാനം പിന്നിലേക്കാകാൻ കാരണമെന്ന് ഭരണ നവീകരണ കമീഷൻ ചെയർമാൻ ടി.എം. വിജയ ഭാസ്കർ പറഞ്ഞു. പൊലീസ് സേനയിൽ വനിതകളുടെ പ്രാതിനിധ്യം കൂട്ടാൻ കർണാടക ഇനിയും ഏറെ ദൂരം പോകണമെന്ന് കോമൺവെൽത്ത് ഹ്യൂമൻ റൈറ്റ്സ് ഇനീഷ്യേറ്റിവ് (സി.എച്ച്.ആർ.ഐ) അംഗമായ ദേവയാനി ശ്രീവാസ്തവ പറഞ്ഞു. 2020ൽ കർണാടകയിൽ പൊലീസ് സേനയിൽ വനിതാസാന്നിധ്യം 12.34 ശതമാനം മാത്രമാണ്. 1054 സ്റ്റേഷനുകളിലായി 600 വനിത എസ്.ഐമാർ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ മതാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമല്ല. പൊലീസ് സേനയിലെ പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി പ്രാതിനിധ്യം ഉയർന്ന നിലയിലാണെന്നും റിപ്പോർട്ട് പറയുന്നു. പൊലീസ് പരിശീലനത്തിനുള്ള ബജറ്റ് ഉയർത്തണമെന്നും കൂടുതൽ സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നും ദേവയാനി ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യ ജസ്റ്റിസ് ചീഫ് എഡിറ്റർ മജ ദറുവാലയും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.