ബംഗളൂരു: ബംഗളൂരു വൈറ്റ് ഫീൽഡിലെ ബ്രൂക്ക്ഫീൽഡിൽ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). പ്രതിയെന്ന സംശയിക്കുന്നയാളുടെ രേഖാചിത്രവും എൻ.ഐ.എ പുറത്തുവിട്ടിട്ടുണ്ട്.
മാർച്ച് ഒന്നിന് നടന്ന സ്ഫോടനത്തിലും ഇതുവരെയും അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. കേസിൽ സി.ബി.ഐയും എൻ.ഐ.എയും അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തത്. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്.
കേസിൽ സുപ്രധാനമായ വിവരങ്ങൾ ലഭിച്ചുവെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചിരുന്നു. അതേസമയം സ്ഫോടനത്തിന് പിന്നാലെ അടച്ചുപൂട്ടിയ കഫേ മാർച്ച് 8ന് പ്രവർത്തനമാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
മാർച്ച് ഒന്ന് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നത്. തൊപ്പി ധരിച്ച് മുഖം മറച്ച് എത്തിയ പ്രതി ടൈമർ ഘടിപ്പിച്ച ബോംബ് വസ്തു അടങ്ങിയ ബാഗ് കഫേയിൽ ഒളിപ്പിച്ച് മടങ്ങുകയായിരുന്നു. ഇയാൾ വരുന്നതിൻറെയും മടങ്ങുന്നതിൻറെയുമടക്കം വിവിധ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.