ന്യൂഡൽഹി: സി.പി.ഐയുടെ തീപ്പൊരി യുവനേതാവ് കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹം. അത്തരം നീക്കമൊന്നുമില്ലെന്ന് കനയ്യകുമാർ പറയുന്നുണ്ടെങ്കിലും, സി.പി.ഐയുമായി അകന്ന അദ്ദേഹം ഏറെ വൈകാതെ കോൺഗ്രസിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ ചർച്ച നടത്തിയിരുന്നു. ഔപചാരിക കൂടിക്കാഴ്ച ഒരുക്കാൻ ജെ.എൻ.യു ബന്ധമുള്ള രണ്ടു കോൺഗ്രസ് യുവനേതാക്കൾ ശ്രമിക്കുന്നുണ്ട്. പ്രശാന്ത് കിഷോറിനെ പാർട്ടിയിൽ എടുക്കുന്ന കാര്യം കോൺഗ്രസ് ചർച്ച ചെയ്തു വരുന്നതിനിടെയാണ് കനയ്യയുമായി ബന്ധപ്പെട്ട വാർത്തകൾ.
ജെ.എൻ.യു സ്റ്റുഡൻസ് യൂനിയൻ പ്രസിഡൻറായിരുന്ന കനയ്യ കുമാർ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബേഗുസരായിയിൽ സ്ഥാനാർഥിയായിരുന്നു. എന്നാൽ പിന്നീട് പ്രാദേശിക നേതാക്കളുമായി ഇടഞ്ഞ കനയ്യ കുമാറിനെ അച്ചടക്ക രാഹിത്യത്തിന് സി.പി.ഐ താക്കീതു ചെയ്തിരുന്നു.
താൻ ദേശീയ പാർട്ടിയിലാണ് പ്രവർത്തിക്കുന്നതെന്നും, ഏതെങ്കിലും കൂടിക്കാഴ്ചകൾ സ്വാഭാവികമായും അതിെൻറ ഭാഗമാണെന്നും കനയ്യകുമാർ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.