ജമ്മു കശ്മീരിൽ ലഹരിവേട്ട: 2,000 പേർ അറസ്റ്റിൽ, 567 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കശ്മീർ: മയക്കുമരുന്ന് വ്യാപാരത്തിനെതിരെ ശക്തമായ നടപടിയുമായി കശ്മീർ പൊലീസ്. ഈ വർഷം ഇതുവരെ എൻ.ഡി.പി.എസ് നിയമപ്രകാരം 1,500 ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ഏകദേശം 2,000 ലഹരിമരുന്ന് വിൽപനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഹരിമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന അനധികൃത പണവുമായി ബന്ധമുള്ള 567 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. വ്യാഴാഴ്ച കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സുജിത് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

കശ്മീർ ഐ.ജി.പി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ലഹരിമരുന്ന് കടത്തുകാരുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടിയതായും ഏകദേശം 1.10 കോടി രൂപ പിടിച്ചെടുത്തതായും സുജിത് കുമാർ അറിയിച്ചത്.

മയക്കുമരുന്നിനും സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരായ പോരാട്ടത്തിൽ യുവാക്കൾ സജീവമായി പങ്കാളികളാകണമെന്ന് ഐ.ജി.പി ആഹ്വാനം ചെയ്തു. മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾ പൊലീസിന് കൈമാറണമെന്നും വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. സഹായം തേടി പൊലീസ് സ്റ്റേഷനുകളെയോ ലഹരിവിമുക്തി കേന്ദ്രങ്ങളെയോ സമീപിക്കുന്നവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്ന സംഘടിത ഓൺലൈൻ തട്ടിപ്പ് ശൃംഖലകളുടെ ഭാഗമാകരുതെന്ന് ഐജിപി യുവാക്കൾക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസങ്ങൾക്കിടെ 54 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസിന് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ 13 മുതൽ 14 ശതമാനം വരെ തിരിച്ചുപിടിക്കാനും 7 കോടിയിലധികം രൂപ ഇരകൾക്ക് തിരികെ നൽകാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Jammu and Kashmir Drug Crackdown: 2,000 Arrested, 567 Bank Accounts Frozen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.