ശ്രീമോയി ചക്രബർത്തി,സുരജിത് ഷീ,ആകാശ് സർക്കാർ
ബിജെപി സർക്കാറിനെതിരെ വിമർശനം: ബംഗാളിൽ മൂന്ന് കണ്ടന്റ് ക്രിയേറ്റർമാർ അറസ്റ്റിൽ
കൊൽക്കത്ത: ഭരണകക്ഷിയായ ബിജെപി സർക്കാരിനെയും അതിന്റെ നയങ്ങളെയും ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചതിന് പശ്ചിമ ബംഗാളിൽ മൂന്ന് കണ്ടന്റ് ക്രിയേറ്റർമാർ അറസ്റ്റിലായി. ആകാശ് സർക്കാർ, സുരജിത് ഷീ, ശ്രീമോയി ചക്രബർത്തി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആകാശ് സർക്കാർ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞതിന് പിന്നാലെ ഒക്ടോബർ 29ന് ജാമ്യം ലഭിച്ചു. ശ്രീമോയി ചക്രവർത്തിയെ ഒക്ടോബർ 26ന് വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. അതേസമയം, സുരജിത് ഷീയെ ആദ്യം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് മേദിനിപൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്നു. നിലവിൽ നവംബർ 6 വരെ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.
സുരജിത് ഷീക്കെതിരെ ഇന്ത്യൻ നീതിന്യായ സംഹിതയുടെ 152, 197, 353 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാകുന്ന പ്രവൃത്തികൾ, ദേശീയ ഐക്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള പ്രസ്താവനകൾ, പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ഭീതിയും സൃഷ്ടിക്കുന്ന പ്രസ്താവനകൾ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ.
ആകാശ് സർക്കാരിനെതിരായ എഫ്ഐആറിൽ ബിഎൻഎസി-ലെ 356(1), 353(1)(2), 299(1) വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. ക്രിമിനൽ അപകീർത്തിപ്പെടുത്തൽ, വ്യാജവിവരങ്ങൾ പ്രചരിപ്പിക്കൽ, വിദ്വേഷ പ്രസംഗം, മതവികാരം മനഃപൂർവം വ്രണപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ.
എഫ്ഐആർ പ്രകാരം, സൗമെൻ ദാസ് എന്ന വ്യക്തിയാണ് ആകാശ് സർക്കാറിനെതിരെ പരാതി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെയും കുറിച്ച് ആകാശ് സർക്കാർ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വ്യാജവും അപകീർത്തികരവും മതവികാരം വ്രണപ്പെടുത്തുന്നതും പ്രകോപനപരവുമായ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം.
ഷീയെയും സർക്കാരിനെയും പോലെ, ചോർബാഗനിലെ തിക്കിലും തിരക്കിലും ഉണ്ടായ ദുരന്തം കൈകാര്യം ചെയ്ത രീതിയെയും ദുർഗാപൂജാ വിഗ്രഹ നിമജ്ജന നടപടികളെയും വിമർശിച്ച് ശ്രീമോയി ചക്രബർത്തി നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
ഒക്ടോബർ 21ന്, സനാതന ധർമം പിന്തുടരുന്നവർ മാത്രമേ ദുർഗാ വിഗ്രഹ നിമജ്ജന ചടങ്ങിൽ പങ്കെടുക്കൂ എന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ അവർ പങ്കുവെച്ചു. ഇതോടൊപ്പമുള്ള കുറിപ്പിൽ സുവേന്ദു അധികാരിയെ 'ടീൻ ബാട്ടി' എന്ന വിശേഷണത്തിലാണ് അവർ പരാമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.