ന്യൂഡൽഹി: ഭാര്യ ഉയർന്ന വിദ്യാഭ്യാസമുള്ളവരോ ഉദ്യോഗസ്ഥയോ ആണെന്നത് അവരെയും മക്കളെയും സംരക്ഷിക്കാനുള്ള ഭർത്താവിന്റെ നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കാനുള്ള കാരണമാകില്ലെന്ന് സുപ്രീം കോടതി. ഒരു പതിറ്റാണ്ടിലേറെ നീണ്ട ദാമ്പത്യ തർക്കത്തിനൊടുവിൽ യുവതിക്ക് അഞ്ച് കോടി രൂപ സ്ഥിര ജീവനാംശമായി നൽകാൻ കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ദമ്പതികൾ തമ്മിലുള്ള നിയമപോരാട്ടത്തെ 'ദാമ്പത്യത്തിലെ മഹാഭാരത യുദ്ധം' എന്നാണ് കോടതി വിശേഷിപ്പിച്ചത്. നിലവിൽ ദാമ്പത്യം പൂർണ്ണമായും തകർന്നിരിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി, ഭരണഘടനയുടെ 142ാം അനുച്ഛേദം ഉപയോഗിച്ച് വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു.പത്തു വർഷത്തിലേറെ നീണ്ട നിയമയുദ്ധത്തിന് അറുതി വരുത്താനായി ഇവർക്കെതിരെയും ബന്ധുക്കൾക്കും അഭിഭാഷകർക്കുമെതിരെ നിലവിലുള്ള എല്ലാ കേസുകളും കോടതി റദ്ദാക്കി. ഇന്നത്തെ ജീവിതച്ചെലവും വിദ്യാഭ്യാസച്ചെലവും പരിഗണിക്കുമ്പോൾ മകന്റെ വളർച്ചയ്ക്കും വിദ്യാഭ്യാസത്തിനും വലിയ സാമ്പത്തിക സഹായം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
യുവതിയും അവരുടെ കുടുംബാംഗങ്ങളും അഭിഭാഷകരും ഉൾപ്പെടെയുള്ളവർക്കെതിരെ എൺപതോളം നിയമ നടപടികളാണ് ഭർത്താവ് സ്വീകരിച്ചിരുന്നത്. ഇത് പ്രതികാരബുദ്ധിയോടെയുള്ള നടപടിയാണെന്ന് കോടതി വിലയിരുത്തി. ബോംബെ ഹൈക്കോടതിയുടെ 2024 സെപ്റ്റംബറിലെ വിധിക്കെതിരെ യുവതി നൽകിയ അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. കുട്ടികളുടെ പൂർണ്ണമായ സംരക്ഷണ ചുമതല കോടതി മാതാവിന് നൽകി. 2010 ജനുവരിയിൽ വിവാഹിതരായ ഇവർ 2016 ഒക്ടോബർ മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.