ന്യൂഡൽഹി: ഡൽഹി അതിർത്തിയോട് ചേർന്ന ഉത്തർപ്രദേശിലെ ഗാസിപുരിൽ ദലിത് ബാലിക ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി. സ്വന്തം മകൾക്ക് നേരിട്ട ക്രൂരതയിൽ ഒരമ്മക്കും അച്ഛനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും യാചിക്കേണ്ടിവരുന്ന രാജ്യത്ത്, ഭരണകൂടത്തിന് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഹാത്രസ്, കഠ് വ, ഉന്നാവോ എന്നീ സംഭവങ്ങളുടെ ആവർത്തനമാണ് ഗാസിപുരിലും ദൃശ്യമാകുന്നതെന്നും ഇരകളാക്കപ്പെടുന്നത് എപ്പോഴും ദലിത്, ആദിവാസി അല്ലെങ്കിൽ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും രാഹുൽ പറഞ്ഞു.
കുറ്റവാളികളെ സംരക്ഷിക്കുകയും ഇരകളെ പീഡിപ്പിക്കുകയും ചെയ്യുന്നതാണ് ബി.ജെ.പി സർക്കാറിന്റെ ശൈലിയെന്നും ഈ സാഹചര്യത്തിൽ നീതി യാചിക്കുകയല്ല, അത് പിടിച്ചുവാങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ഭരണത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ സ്ത്രീസുരക്ഷാ പ്രസംഗങ്ങൾ വെറും പ്രദർശനം മാത്രമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി. ഗാസിപുർ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബത്തിന് സുരക്ഷ നൽകണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.
ഏപ്രിൽ 14ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പിറ്റേന്ന് ഗംഗാ നദിയിൽനിന്നാണ് കണ്ടെത്തിയത്. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും മുങ്ങിമരണമാണെന്നുമാണ് പൊലീസിന്റെ വാദം.
ന്യൂഡൽഹി: യു.എസ് സന്ദർശനത്തിനിടെ ആർ.എസ്.എസ് നേതാവ് രാം മാധവ് നടത്തിയ പരാമർശങ്ങളിൽ ആർ.എസ്.എസിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർ.എസ്.എസ് എന്നാൽ ‘രാഷ്ട്രീയ സറണ്ടർ സംഘ്’ ആണെന്നും നാഗ്പുരിൽ വ്യാജ ദേശീയത പറയുന്നവർ അമേരിക്കയിലെത്തുമ്പോൾ വെറും ദാസ്യവേലക്കാരായി മാറുന്നുവെന്നും സംഘ്പരിവാറിന്റെ യഥാർഥ സ്വഭാവം ഇതോടെ പുറത്തായെന്നും രാഹുൽ എക്സിൽ കുറിച്ചു.
അമേരിക്കൻ ഭരണകൂടത്തിന്റെ സമ്മദത്തിന് വഴങ്ങി ഇറാനിൽനിന്നും റഷ്യയിൽനിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്നും ഉയർന്ന താരിഫുകൾ അംഗീകരിച്ചുവെന്നും രാം മാധവ് ഒരു ചടങ്ങിൽ പ്രസംഗിച്ചിരുന്നു. എന്നാൽ, സംഭവം വിവാദമായതോടെ തന്റെ പ്രസ്താവന വസ്തുതാപരമായി തെറ്റാണെന്ന് തിരുത്തി അദ്ദേഹം ക്ഷമാപണം നടത്തി. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയിട്ടില്ലെന്നും അമേരിക്കൻ നികുതി വർധനയെ ശക്തമായി എതിർത്തിരുന്നുവെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.