ഇറോമിന്‍െറ 90നു പിന്നില്‍

ന്യൂഡല്‍ഹി: ലോകത്തിന്‍െറ ആദരം നേടിയ മനുഷ്യാവകാശ പോരാളിയാണ് ഇറോം ചാനു ശര്‍മിള. പട്ടാളത്തിന് അമിതാധികാരം നല്‍കുന്ന അഫ്സ്പ നിയമത്തിനെതിരെ 16 വര്‍ഷം നീണ്ട നിരാഹാരത്തിലൂടെ ലോകത്ത് കേട്ടുകേള്‍വിയില്ലാത്തത്രയും  ദൈര്‍ഘ്യമേറിയ  സമരത്തിന്‍െറ നായികയായി. പക്ഷേ, ജനാധിപത്യ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അവര്‍ക്ക് അടിതെറ്റി. കിട്ടിയത് വെറും 90 വോട്ട്. അവിശ്വസനീയമെന്ന് ആരും പറയും.

ഇറോമിനെ അറിയുന്ന അവരുടെ നാടിന് പുറത്തുള്ളവര്‍ക്കൊന്നും അതുള്‍ക്കൊള്ളാനായില്ല.  ഇറോമിന് എന്തുപറ്റിയെന്ന ചോദ്യം എവിടെയുമുയര്‍ന്നു. പരാജയത്തില്‍ പരിതപിച്ച് ട്വിറ്റര്‍ ലോകം സങ്കടക്കടലായി. നിരാഹാരസമരസമയത്ത് എത്രയോ പേരാണ് അവരെ കാണാനത്തെിയത്. അവര്‍ക്ക് പിന്തുണയര്‍പ്പിച്ചത്. അതൊന്നും പക്ഷേ, വോട്ടായില്ല. ഇറോമിനെ നാട്ടുകാര്‍ ഇപ്പോഴും മനുഷ്യാവകാശ പോരാട്ട നായികയായിത്തന്നെ കാണുന്നുവെന്നാണ് വോട്ട് കിട്ടാത്തതിന് കാരണമായി പറയപ്പെടുന്ന ഒരു ന്യായം. രാഷ്ട്രീയ പരിവേഷം അവര്‍ക്ക് ചേരില്ളെന്ന് വോട്ടര്‍മാര്‍ മുന്‍കൂട്ടി തീരുമാനിച്ചുവത്രെ.


പട്ടാളത്തിന്‍െറ അടിച്ചമര്‍ത്തല്‍ നടപടികളും സംസ്ഥാനത്തെ നിരവധി മനുഷ്യാവകാശ ധ്വംസനങ്ങളും ദേശീയ മാധ്യമങ്ങള്‍ക്ക് എന്നും  പ്രധാന വാര്‍ത്തയായിരുന്നുവെങ്കിലും നാട്ടിലെ സാധാരണക്കാര്‍ക്ക് നിത്യജീവിത പ്രാരബ്ധങ്ങളും തുടര്‍ച്ചയായുള്ള ഉപരോധങ്ങളും വികസന പോരായ്മകളുമൊക്കെയായിരുന്നു പ്രധാന പ്രശ്നമെന്നാണ് വിലയിരുത്തല്‍. ഇറോം അഫ്സ്പക്കെതിരെ സമരം തുടങ്ങുമ്പോഴുള്ള അവസ്ഥ 16 വര്‍ഷം പിന്നിടുമ്പോഴേക്കും കാര്യമായി മാറിയെന്നാണ് മറ്റൊരു വിലയിരുത്തല്‍.

സ്മാര്‍ട്ട്ഫോണ്‍ തലമുറക്കു മുന്നില്‍ പട്ടാളത്തിന് പഴയതുപോലെ ബലപ്രയോഗങ്ങള്‍ക്ക് സാധ്യതയില്ലാതായി. എല്ലാം റെക്കോഡ് ചെയ്യപ്പെടുന്ന സാഹചര്യം പട്ടാള അക്രമങ്ങള്‍ക്കും ഒരു പരിധിവരെ അറുതിവരുത്തി. ആളുകള്‍ കാര്യങ്ങളെപ്പറ്റി കൂടുതല്‍ ബോധവാന്മാരാവുകയും ചെയ്തു. ഇതെല്ലാം ഇറോമിന്‍െറ പ്രസക്തി കുറച്ച ഘടകങ്ങളാണ്.

ഇറോം മത്സരിക്കാന്‍ തെരഞ്ഞെടുത്ത മണ്ഡലവും എതിര്‍സ്ഥാനാര്‍ഥിയുമാണ് രണ്ടാം ‘പ്രതി’. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്ങിനെതിരെയായിരുന്നു ഇറോമിന്‍െറ കന്നിപോരാട്ടം. സിങ്ങാകട്ടെ സംസ്ഥാനത്തെ അതിശക്തനായ നേതാവും. സംസ്ഥാനത്തെ  ഭൂരിപക്ഷ സമുദായമായ മെയ്തീസ് ഇബോബിയെ പിന്തുണക്കുന്നവരാണ്. നാഗകള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇബോബിക്കേ കഴിയൂ എന്നാണ് മെയ്തികളുടെ ഉറച്ച വിശ്വാസം. തെരഞ്ഞെടുപ്പ് ആരവമുയര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ ഇബോബിക്കെതിരെ തൗബലില്‍ മത്സരിക്കുമെന്ന് ഇറോം പറഞ്ഞിരുന്നെങ്കിലും അതിന്‍െറ കൂടെ തന്‍െറ ജന്മസ്ഥലമായ ഖുറൈയിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇറോം ഖുറൈ കൈവിട്ടു. അതും തോല്‍വിക്ക് കാരണമായി പറയപ്പെടുന്നു.

 ഇറോം ഒരു സ്ത്രീയായതും തോല്‍വിയുടെ കാരണമായി ചൂണ്ടിക്കാണിക്കുന്നവരുണ്ട്.  സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന 268 സ്ഥാനാര്‍ഥികളില്‍ വനിതകള്‍ വെറും 10 പേരായിരുന്നു. ദേശീയ പാര്‍ട്ടികളായ ബി.ജെ.പിയും കോണ്‍ഗ്രസും മത്സരിപ്പിച്ചതാകട്ടെ രണ്ട് വീതം വനിത സ്ഥാനാര്‍ഥികളെയും. മണിപ്പൂരിന്‍െറ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് കാര്യമായ സ്വാധീനമില്ളെന്നതിന്‍െറ സൂചന കൂടിയാണിത്. അതേസമയം, സ്ത്രീകള്‍മാത്രം നേതൃത്വം നല്‍കുന്ന വളരെ സവിശേഷതകളുള്ള ഇമ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. പക്ഷേ, ഈ സ്ത്രീ കരുത്ത് രാഷ്ട്രീയത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല, മണിപ്പൂരില്‍ രാഷ്ട്രീയം ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്ന  വിശ്വാസവുമുണ്ടത്രെ.

 

Tags:    
News Summary - Irom sharmila-Iron lady-manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.