നീതിപീഠത്തിന്റെ കരുത്തുറ്റ ഇടപെടൽ

ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടനാവിരുദ്ധമെന്ന സുപ്രീംകോടതി വിധിയോടെ കരുത്തുറ്റൊരു ജുഡീഷ്യൽ ഇടപെടലാണ് പരമോന്നത നീതിപീഠം നടത്തിയിരിക്കുന്നത്. പാർട്ടിയുടെ ധനസമാഹരണത്തിന് മോദി കൊണ്ടുവന്ന പുതിയ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കേന്ദ്രസർക്കാർ പാർല​മെന്റിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ നടത്തിയ മറ്റു ചില ‘നിയമ പരിഷ്കാരങ്ങളും’ ഇതോടെ റദ്ദായി. പഴയ നിയമങ്ങൾ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. 1961​ലെ ആദായനികുതി നിയമം, 2013​ലെ കമ്പനി നിയമം, 2017ലെ ഫിനാൻസ് നിയമം എന്നിവയിൽ വെള്ളം ചേർത്താണ് 2018ൽ തെരഞ്ഞെടുപ്പ് കടപ്പത്രിക സംവിധാനം കേന്ദ്രസർക്കാർ കൊണ്ടുവന്നത്. ഭരണഘടനാ ബെഞ്ചിന്റെ ഇടപെടലോടെ ഈ മൂന്ന് നിയമഭേദഗതികളും റദ്ദായി.

1951ലെ ജന​പ്രാതിനിധ്യ നിയമത്തിന്റെ 29സി വകുപ്പ് പ്രകാരം, 20,000 രൂപയിൽ കൂടുതൽ ലഭിക്കുന്ന മുഴുവൻ സംഭാവനകളും രേഖപ്പെടുത്തണമെന്നും ഓരോ സാമ്പത്തിക വർഷത്തിലും ഇതുസംബന്ധിച്ച സ്റ്റേറ്റ്മെന്റുകൾ പുറത്തുവിടണമെന്നും നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ, ഇലക്ടറൽ ബോണ്ട് പ്രാബല്യത്തിൽ വന്നതോടെ ഈ വകുപ്പ് അപ്രസക്തമായി. ഇതിനായി കമ്പനി നിയമത്തിൽ ജനപ്രാതിനിധ്യ നിയമത്തിലെ 21ാംവകുപ്പിന് ഇളവ് നൽകി. ഇതുപ്രകാരം, ഇലക്ടറൽ ബോണ്ട് വഴി 20,000 രൂപയിൽ കൂടുതൽ സംഭാവന പിരിച്ചാലും രാഷ്​ട്രീയ പാർട്ടികൾക്ക് അത് രഹസ്യമാക്കിവെക്കാമെന്നായി. കമ്പനി നിയമത്തിലും സമാനമായ മാറ്റങ്ങൾ വരുത്തി. നിയമത്തിന്റെ 182ാം വകുപ്പിൽ ഒരു കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. തൊട്ടുമുമ്പത്തെ മൂന്ന് സാമ്പത്തിക വർഷത്തെ ശരാശരി ലാഭവിഹിതത്തിന്റെ 7.5 ശതമാനമാണ് ഒരു കമ്പനിക്ക് പരമാവധി സംഭാവന നൽകാനാവുക. അതുതന്നെയും, എ​ത്ര പണം ഏതൊക്കെ പാർട്ടികൾക്ക് നൽകിയെന്നത് സംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവിടുകയും ​വേണം. ഈ രണ്ട് വ്യവസ്ഥകൾക്കും പൂർണ ഇളവ് നൽകിയാണ് പുതിയ നിയമഭേദഗതി കൊണ്ടുവന്നത്. ഈ ഭേദഗതികളും പരമോന്നത നീതിപീഠം റദ്ദാക്കി. പരിമിതികളില്ലാത്തവിധം ഒരു സ്ഥാപനത്തിൽനിന്ന് സംഭാവന സ്വീകരിക്കുകയെന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആ സ്ഥാപനം കൈകടത്തുകയാണെന്നുതന്നെ​ വേണം കരുതാനെന്ന് വിധി പ്രസ്താവിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിക്കുകയും ചെയ്തു.

ആദായനികുതി നിയമത്തിന്റ 13 എ വകുപ്പും മോദി സർക്കാർ വെട്ടി. നേരത്തേ, 20,000ൽ കൂടുതലുള്ള രാഷ്ട്രീയ സംഭാവനകളത്രയും ആദായനികുതിയുടെ പരിധിയിൽ വരുമായിരുന്നു. എന്നാൽ, ഇലക്ടറൽ ബോണ്ടിലൂടെയുള്ള സംഭാവനകളെ അതിൽനിന്നൊഴിവാക്കി. ചുരുക്കത്തിൽ, പരിധിയില്ലാത്തവിധത്തിൽ ആദായനികുതിയിൽനിന്ന് കോർപറേറ്റുകൾക്ക് ഇളവ് ലഭ്യമാക്കുംവിധമു​ള്ളൊരു ധനസമ്പാദന രീതിയായിരുന്നു ഇലക്ടറൽ ബോണ്ട് സംവിധാനത്തിലൂടെ മോദി സർക്കാർ നടപ്പാക്കിയത്. സർക്കാറിന് ലഭിക്കേണ്ട നികുതിപ്പണം അടക്കം രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടിലേക്ക് പോകുന്ന സ്ഥിതിവിശേഷമാണ് ഇതിലൂടെ സംജാതമായത്. ഈ പണമൊഴുക്കിന്റെ പകുതിയിലധികം എത്തിയതും ബി.ജെ.പി അക്കൗണ്ടിലേക്കാണെന്നതും യാദൃച്ഛികമല്ല. അധികാരത്തിന്റെ മറവിലുള്ള ഈ ധനസമ്പാദന മാർഗത്തിനാണ് ചരിത്രവിധിയിലൂടെ സുപ്രീംകോടതി തടയിട്ടത്.

വോട്ട്​ രഹസ്യം, ഫണ്ട്​ രഹസ്യമാകേണ്ട;

  • തുറന്നടിച്ച് സുപ്രീംകോടതി രാഷ്ട്രീയവും പണവുമായി ഉറ്റബന്ധമുണ്ട്​. പണം നൽകുന്നതിന്​ പ്രതിഫലമെന്നോണം ചില നേട്ടങ്ങൾ സ്വന്തമാക്കിയെന്നു വരും

ന്യൂഡൽഹി: വോട്ടിന്‍റെ രഹസ്യാത്മകത പാർട്ടികൾക്ക്​ നൽകുന്ന ഫണ്ടിന്‍റെ കാര്യത്തിൽ ആവശ്യമില്ലെന്ന്​ സുപ്രീംകോടതി. രാഷ്ട്രീയപാർട്ടികൾക്ക്​ കിട്ടുന്ന ഫണ്ടിന്‍റെ കാര്യം ജനം അറിയണം. വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കാൻ അത്​ ആവശ്യമാണ്​ -തെരഞ്ഞെടുപ്പ്​ കടപ്പത്ര പദ്ധതി റദ്ദാക്കിയ വിധിയിൽ സുപ്രീംകോടതി പറഞ്ഞു.

കമ്പനികൾ പാർട്ടികൾക്ക്​ നൽകുന്ന സംഭാവന, വ്യക്തികൾ നൽകുന്നതിൽനിന്ന്​ വ്യത്യസ്തമാണെന്ന്​ കോടതി ചൂണ്ടിക്കാട്ടി. സംഭാവന നൽകുന്നതിലൂടെ വ്യക്തികളെക്കാൾ കമ്പനികൾക്ക്​ തെരഞ്ഞെടുപ്പു പ്രക്രിയയെ സ്വാധീനിക്കാൻ കഴിയും. സംഭാവന നൽകുന്നവർക്ക്​ തുടക്കത്തിൽ പ്രത്യേകമായ ഒരു സ്ഥാനം ലഭിക്കും. അതായത്, ജനപ്രതിനിധികളുമായുള്ള അടുപ്പം വർധിക്കും. നയരൂപവത്കരണത്തിലെ സ്വാധീനമായി അത്​ വളരും. രാഷ്ട്രീയവും പണവുമായി ഉറ്റബന്ധമുണ്ട്​. പണം നൽകുന്നതിന്​ പ്രതിഫലമെന്നോണം ചില നേട്ടങ്ങൾ സ്വന്തമാക്കിയെന്നു വരും.

ഡി.വൈ. ചന്ദ്രചൂഢ്

രാഷ്ട്രീയത്തിൽ കമ്പനികൾക്ക്​ വർധിച്ച സ്വാധീനമുണ്ട്​. ഉയർന്നതോതിൽ പണം നൽകുന്ന കമ്പനികൾ, അതിലൂടെ ലക്ഷ്യമിടുന്നതും വലിയ കാര്യമായിരിക്കും. വ്യക്തികളുടെ സംഭാവനയിൽ രാഷ്ട്രീയ ചായ്​വ്​ കൂടുതൽ പ്രകടമായിരിക്കും. എന്നാൽ, കമ്പനികളുടെ സംഭാവന, കൃത്യമായ നേട്ടം തിരിച്ചു പ്രതീക്ഷിക്കുന്ന ബിസിനസ്​ ഇടപാടാണ്​. ​കമ്പനികളെയും വ്യക്തികളെയും ഒരുപോലെ കാണുന്ന വിധം കമ്പനി നിയമം 182ാം വകുപ്പ്​ ഭേദഗതി ചെയ്തത്​ സ്വേച്ഛാപരമാണ്​. രാഷ്ട്രീയപാർട്ടികൾക്ക്​ നൽകാവുന്ന സംഭാവനയുടെ മുൻകാല പരിധി എടുത്തുകളഞ്ഞു. മൂന്നു മുൻവർഷങ്ങളിലെ ശരാശരി ലാഭത്തിന്‍റെ ഏഴര ശതമാനത്തിൽ കവിയരുതെന്നായിരുന്നു മുൻവ്യവസ്ഥ. ഏതു പാർട്ടിക്ക്​ നൽകിയെന്ന്​ കമ്പനി അക്കൗണ്ടിൽ കാണിക്കണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു. ഇതത്രയും​ ഭരണഘടന വിരുദ്ധമാണ്​.

വഴിവിട്ട സ്വാധീനത്തിൽനിന്ന്​ മുക്തമായിരിക്കണം വോട്ടവകാശം. ഒരാളുടെ രാഷ്ട്രീയ ചിന്താഗതിയെക്കുറിച്ച വിവരം ഭരണകൂടം രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തിയേക്കാം. വിമതശബ്​ദം ഒതുക്കാനും തൊഴിൽ നിഷേധിക്കാനുമൊക്കെ അത്​ ദുരുപയോഗിച്ചേക്കാം. മുഖ്യധാര കാഴ്ചപ്പാടിൽനിന്ന്​ ഭിന്നമായ വീക്ഷണം വെച്ചുപുലർത്തുന്നവരെ​ ദോഷകരമായി ബാധിക്കാതിരിക്കാനും രാഷ്ട്രീയ ചായ്​വ്​ സംബന്ധിച്ച സ്വകാര്യത പ്രധാനമാണ് -കോടതി പറഞ്ഞു. 

Tags:    
News Summary - intervention of the judiciary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.