ഉത്തർപ്രദേശിലെ ഗാസിയാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇൻഷുറൻസ് തട്ടിപ്പ് സംഘം പൊലീസിന്‍റെ പിടിയിൽ. ധനകാര്യമന്ത്രാലയത്തിലെയും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെയും ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടിയ സുമിത്കുമാർ കോലി (32), ആഷു അഗർവാൾ (27) എന്നിവരെയാണ് അഹമ്മദാബാദ് സിറ്റി സൈബർ ക്രൈം ബ്രാഞ്ച് പിടികൂടിയത്. 47 ലക്ഷം രൂപയോളമാണ് ഇവർ തട്ടിയെടുത്തത്.
നോയിഡയിലെ കോൾ സെന്ററുകളിൽ പ്രവർത്തി പരിചയമുള്ള സുമിത്കുമാർ വ്യക്തമായ പ്ലാനിങിലൂടെ ഇരയെ വലയിലാക്കുകയും ആഷു വ്യാജ സിം കാർഡുകൾ എത്തിച്ചു നൽകുകയും ചെയ്യുകയായിരുന്നു. പഴയ എൽ.ഐ.സി പോളിസിയിൽ നിന്നുള്ള 10 ലക്ഷം രൂപ സർക്കാർ ഫണ്ടിൽ കുടുങ്ങിക്കിടക്കുകയാണെന്നും അത് ലഭിക്കാൻ സഹായിക്കാമെന്നും പറഞ്ഞാണ് ഇവർ ഇരയെ സമീപിച്ചത്. ജിതേന്ദ്ര ഗോസ്വാമി , മിതേഷ് കുമാർ എന്നീ വ്യാജപേരുകളാണ് തട്ടിപ്പിനായി സംഘം ഉപയോഗിച്ചത്. വിശ്വാസം നേടിയെടുക്കാൻ സർക്കാർ ലോഗോ പതിപ്പിച്ച വ്യാജ തിരിച്ചറിയൽ രേഖകളും മറ്റും ഇവർ വാട്സാപ്പ് വഴി അയച്ചു നൽകുകയും ചെയ്തു. പിന്നാലെ പ്രോസസിംഗ് ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, ജി.എസ്ടി. തുടങ്ങിയ ആവശ‍്യങ്ങൾക്കായി പണം കൈക്കലാക്കുകായിരുന്നു.
ഇരയെക്കൊണ്ട് പുതിയ ബാങ്ക് അക്കൗണ്ടും സിം കാർഡും എടുപ്പിച്ച ശേഷം ഒ.ടി.പി വഴിയാണ് പ്രധാനമായും പണം തട്ടുന്നത്. ഒരു കോടി രൂപയോളം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഇത്തരത്തിൽ 47 ലക്ഷം രൂപ സംഘം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റുകയായരുന്നു. ഗാസിയാബാദിലെ മോദിനഗറിൽ നിന്നാണ് അഹമ്മദാബാദ് സൈബർ ക്രൈം സംഘം പ്രതികളെ പിടികൂടിയത്. എ.സി.പി എച്ച്.എസ് മകാഡിയ, പി.ഐ എം.എച്ച് ഭേതാരിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അതേ സമയം പഴയ ഇൻഷുറൻസ് പോളിസികളുടെ പേരിൽ വരുന്ന കോളുകളെ വിശ്വസിക്കരുതെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥനും നികുതിയോ ഫീസോ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ പറിയല്ലെന്നും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച സിം കാർഡുകൾ ഒരിക്കലും അപരിചിതർക്ക് കൊറിയർ ചെയ്യരുതെന്നും ക്രൈംബ്രാഞ്ച് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.