ന്യൂഡൽഹി: പാകിസ്താനുമായുള്ള സംഘർഷം പുകയുന്നതിനിടെ, ഫ്രാൻസിൽനിന്ന് 26 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ കരാർ ഒപ്പുവെച്ചു. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സന്നിഹിതനായിരുന്നു. നാവികസേനക്കായാണ് വിമാനങ്ങൾ വാങ്ങുന്നത്. ദസോ ഏവിയേഷൻ കമ്പനിയിൽനിന്ന് വിമാനങ്ങൾ വാങ്ങാൻ 64,000 കോടി ചെലവുവരും.
വിമാനവാഹിനിയായ ഐ.എൻ.എസ് വിക്രാന്തിലായിരിക്കും ഇതു കാര്യമായി വിന്യസിക്കുക. മൂന്നാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷക്കായുള്ള കാബിനറ്റ് സമിതി റഫാൽ വാങ്ങാൻ അനുമതി നൽകിയിരുന്നു. കരാർ ഒപ്പിട്ട് അഞ്ചുവർഷംകൊണ്ട് വിമാനങ്ങൾ നൽകിത്തുടങ്ങണമെന്നാണ് വ്യവസ്ഥ. 2023 ജൂലൈയിൽ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം പ്രാഥമിക അംഗീകാരം നൽകിയിരുന്നു.
കരാറിന്റെ ഭാഗമായി ദസോ ഏവിയേഷനിൽനിന്ന് ഇന്ത്യൻ നാവികസേനക്ക് ആയുധങ്ങൾ ഉൾപ്പെടെ വിമാനത്തിലുണ്ടാകുന്ന അനുബന്ധ സാമഗ്രികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വേണ്ടതായ സഹായം ലഭിക്കും. മറീൻ വിഭാഗത്തിലുള്ള ‘റഫാൽ എം’ വിമാനങ്ങളാണ് വാങ്ങുന്നത്. 22 സിംഗ്ൾ സീറ്റർ ജെറ്റുകളും നാല് ഇരട്ട സീറ്റ് പരിശീലന വിമാനങ്ങളും വാങ്ങാനാണ് കരാർ. വിക്രാന്തിന് പുറമേ, ഐ.എൻ.എസ് വിക്രമാദിത്യയിലും വിമാനം വിന്യസിച്ചേക്കും. ലോകത്തിലെതന്നെ മുൻനിര പോർവിമാനമാണിത്. നിലവിൽ 36 റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനക്കുണ്ട്. ഉപയോഗത്തിലുള്ള മിഗ്-29 കെ വിമാനങ്ങൾ കാലപ്പഴക്കം ചെന്നവയാണ്. പുതിയ സാഹചര്യങ്ങളിലെ യുദ്ധമുഖങ്ങളിൽ രാജ്യത്തിന് കരുത്തുപകരാൻ റഫാൽ വിമാനങ്ങൾക്കാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.