ന്യൂഡല്‍ഹി: ഗ്രാമപ്രദേശങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാർ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ഗ്രാമപ്രദേശങ്ങളിലെ നിരീക്ഷണം, ഡോക്ടര്‍മാരുമായി ടെലി കണ്സള്ട്ടേഷന്, ആൻറിജന്‍ ടെസ്റ്റിനുള്ള പരിശീലനം തുടങ്ങിയവയാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങളിലുള്ളത്.
കോവിഡ് നിയന്ത്രിക്കുന്നതിന് ഗ്രാമ പ്രദേശങ്ങളിലും അര്‍ധ നഗര പ്രദേശങ്ങളിലും സാമൂഹ്യ സേവനങ്ങളും പ്രാഥമിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കണമെന്ന് മാർഗരേഖയിൽ ആവശ്യപ്പെട്ടു.എല്ലാ ഗ്രാമങ്ങളിലും ശുചിത്വ- പോഷാകാഹാര സമിതിയുടെ സഹായത്തോടെ ആശാ വര്‍ക്കര്‍മാര്‍ പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള രോഗ വ്യാപനങ്ങള്‍ ഉണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കണം. കോവിഡ് സംബന്ധമായത് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് കമ്യൂണിറ്റി ഹെല്‍ത്ത് ഓഫിസര്‍മാരുമായി ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യം ഒരുക്കണം. മറ്റ് ഗുരുതര അസുഖങ്ങളുള്ളവരേയും ഓക്സിജന്‍ ലെവല്‍ താഴ്ന്നവരെയും അടുത്തുള്ള മികച്ച ആശുപത്രികളിലേക്ക് മാറ്റണം.
കോവിഡ് രോഗികളുടെ ഓക്സിജന്‍ ലഭ്യതയും ശരീരത്തിലെ ഓക്സിജന്‍ നിലയും നിരന്തരം പരിശോധിക്കണം. ഇതിനായി ഓരോ ഗ്രാമത്തിലും ആവശ്യമായ പള്‍സ് ഓക്സിമീറ്ററും തെര്‍മോമീറ്ററുകളും തയാറാക്കണം.
വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികൾക്ക് ഐസൊലേഷന്‍ കിറ്റുകള്‍ നല്‍കണം. ഓരോ കിറ്റിലും പാരസെറ്റാമോള്‍, ഐവര്‍മെക്ടിന്‍, ചുമയ്ക്കുള്ള സിറപ്പ്, മള്‍ട്ടി വിറ്റാമിനുകള്‍, അച്ചടിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയുണ്ടായിരിക്കണം. വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ രോഗ ലക്ഷണങ്ങള്‍ ശമിച്ച് പത്തു ദിവസത്തിന് ശേഷമേ ഐസൊലേഷന്‍ അവസാനിപ്പിക്കാവൂ. മാര്‍ഗനിര്‍ദേശപ്രകാരമുള്ള ഹോം ഐസൊലേഷന്‍ കാലാവധി കൃത്യമായി പൂര്‍ത്തിയാക്കുന്നവര്‍ പിന്നീട് കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്നും മാർഗ നിർദേശത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.