എം.കെ. സ്റ്റാലിൻ, അമിത് ഷാ

‘എൻജിനീയറിങ്, മെഡിക്കൽ വിദ്യാഭ്യാസം തമിഴിൽ നൽകൂ’; ഭാഷാ വിവാദത്തിനിടെ സ്റ്റാലിന് അമിത് ഷായുടെ നിർദേശം

ചെന്നൈ: വിദ്യാലയങ്ങളിൽ ഹിന്ദി ഭാഷ പഠിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രതിഷേധമുയരുന്നതിനിടെ, സംസ്ഥാനത്ത് എൻജിനീയറിങ്, മെഡിക്കൽ വിദ്യാഭ്യാസം തമിഴിൽ നൽകാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം. മോദി സർക്കാർ ഇപ്പോൾ പ്രാദേശിക ഭാഷയിലും പരീക്ഷകൾ എഴുതാൻ വിദ്യാർഥികളെ അനുവദിക്കുന്നുണ്ടെന്ന് റാണിപേട്ടിൽ സി.ഐ.എസ്.എഫ് റൈസിങ് ഡേയുമായി ബന്ധപ്പെട്ട പരിപാടിയിൽ അമിത് ഷാ പറഞ്ഞു.

“പരീക്ഷകൾ തമിഴിലും എഴുതാനാകുമെന്ന് മോദി സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ഉറപ്പാക്കാനായാണ് ഇത്തരം തീരുമാനങ്ങൾ സ്വീകരിക്കുന്നത്. സായുധസേനാ റിക്രൂട്ട്മെന്‍റ് പരീക്ഷകൾ മാതൃഭാഷയിൽ എഴുതാനുള്ള സാഹചര്യം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ മോദി സർക്കാർ, ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള എല്ലാ ഭാഷകളിലും പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. തമിഴ്നാട്ടിലെ മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസത്തിന് തമിഴിൽ പാഠ്യപദ്ധതി ഒരുക്കണമെന്ന് മുഖ്യമന്ത്രിയോട് നിർദേശിക്കുകയാണ്” -അമിത് ഷാ പറഞ്ഞു.

നേരത്തെ ഹിന്ദി ഉപയോഗിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് മോദി സർക്കാറിന്‍റേതെന്ന വിമർശനവുമായി സ്റ്റാലിൻ രംഗത്തുവന്നിരുന്നു. ഹിന്ദി 25 ഉത്തരേന്ത്യൻ പ്രാദേശിക ഭാഷകളെ തകർത്തുവെന്നും ഭോജ്പൂരി, മൈതിലി, അവാധി, ബ്രാജ്, ബുൻദേയി, ഗാർവാലി, കുമനോയ് തുടങ്ങിയ ഭാഷകൾ ഹിന്ദിയുടെ അധിനിവേശത്തെ തുടർന്ന് ഇല്ലാതായെന്നും സ്റ്റാലിൻ ആരോപിച്ചു.

പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം മിക്ക സംസ്ഥാനങ്ങളും സംസ്കൃതത്തിനാണ് മുൻഗണന നൽകുന്നത്. ആൻഡമാനിൽ ഒഴികെ മറ്റൊരിടത്തും തമിഴ് പഠിപ്പിക്കുന്നില്ല. കേന്ദ്രീയ വിദ്യാലയങ്ങളിൽ തമിഴ് ഭാഷ അധ്യാപകരില്ല. സ്കൂളിൽ കുറഞ്ഞത് 15 വിദ്യാർഥികളെങ്കിലും തമിഴ് തെരഞ്ഞെടുത്താൽ മാത്രമേ അധ്യാപകരെ നിയമിക്കുവെന്നാണ് കേന്ദ്രസർക്കാർ നിലപാടെന്നും സ്റ്റാലിൻ പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് ഡി.എം.കെയുടെ ഹിന്ദി വിമർശനമെന്നാണ് ബി.ജെ.പി പറയുന്നത്. 2026ലെ തെരഞ്ഞെടുപ്പിന് മുമ്പ് അനുകൂല രാഷ്ട്രീയസാഹചര്യം ഉണ്ടാക്കുന്നതിനായി തമിഴ് രാഷ്ട്രീയ നേതാക്കൾ വസ്തുതകൾ വള​ച്ചൊടിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ വിമർശനം.

News Summary - ‘Impart engineering, medical education in Tamil’: Amit Shah urges Stalin amid language row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.