പഞ്ചാബിലെ പ്രശ്നങ്ങൾ പാർലമെന്‍റിൽ ഉന്നയിക്കുന്നതിൽ പരാജയപ്പെട്ടിട്ടില്ല -രാഘവ് ചദ്ദ

ന്യൂഡൽഹി: പാർലമെന്റിൽ പഞ്ചാബിന്‍റെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ പരാജയപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ആം ആദ്മി പാർട്ടി എം.പി രാഘവ് ചദ്ദ. തനിക്കെതിരെയുള്ള ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

`പാർലമെന്റിൽ പഞ്ചാബിലെ വിഷയങ്ങൾ ഉന്നയിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടുവെന്ന ആം ആദ്മി പാർട്ടിയിലെ ചില നേതാക്കളുടെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണ്. ഞാൻ അവയെ പൂർണ്ണമായും തള്ളിക്കളയുന്നു' ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. `പാർലമെന്റ് നടപടികൾ ശ്രദ്ധിക്കുന്ന ആർക്കും സത്യമറിയാം. എം.പിയായിരുന്ന കാലയളവിൽ ഞാൻ സ്ഥിരമായി പഞ്ചാബിന്റെ ആശങ്കകൾ സഭയിൽ ഉന്നയിച്ചിട്ടുണ്ട്. ഇത് വെറുമൊരു അഭിപ്രായമോ പ്രചാരണമോ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള വാദമോ അല്ല. ഏതൊരു പൗരനും പരിശോധിക്കാവുന്ന ഔദ്യോഗിക രേഖകളുടെ ഭാഗമാണിത്' അദ്ദേഹം പറഞ്ഞു. പഞ്ചാബിന് കേന്ദ്രം നൽകാനുള്ള ഫണ്ടുകളെക്കുറിച്ച് സംസാരിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ് ചദ്ദക്കെതിരെ ഉയർന്ന പ്രധാന ആരോപണം. എന്നാൽ ഈ ആരോപണം നിഷേധിച്ച എം.പി 2024ൽ രാജ്യസഭയിൽ താൻ ഈ ആവശ്യം ഉന്നയിക്കുന്ന വീഡിയോ സമൂഹമാധ‍്യമത്തിലൂടെ പങ്കുവെച്ചിരുന്നു.

റിലീസ് ചെയ്യാത്ത ആർ.ഡി.എഫ് ഫണ്ടുകൾ, ഭൂഗർഭജലത്തിന്റെ കുറവിൽ നേരിടുന്ന പ്രതിസന്ധി, കർഷകരുടെ പ്രതിസന്ധികൾ, പഞ്ചാബ് സർക്കാരിനോടുള്ള സാമ്പത്തിക അനീതി, സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ, സംസ്ഥാനത്തിന്‍റെ അതിർത്തി സുരക്ഷ ശക്തമാക്കൽ, കർതാർപൂർ സാഹിബ് ഇടനാഴിയുടെ വികസനം, നങ്കാന സാഹിബിലേക്കുള്ള വിസ രഹിത തീർഥാടനം തുടങ്ങി നിരവധി വിഷയങ്ങൾ താന്‍ പാർലമെന്‍റിൽ ഉന്നയിച്ചിട്ടുണ്ടെന്നു അദ്ദേഹം കൂട്ടി ചേർത്തു. പഞ്ചാബ് എനിക്ക് വെറുമൊരു സംസാരവിഷയമല്ല മറിച്ച് എന്റെ പ്രതിബദ്ധതയാണ്. എന്റെ ആത്മാവാണ്. പഞ്ചാബിന്റെ അവകാശങ്ങൾക്കായി താൻ എപ്പോഴും നിലകൊണ്ടിട്ടുണ്ട് സത്യസന്ധതയോടും ധൈര്യത്തോടും ഉറച്ച ബോധ്യത്തോടും കൂടി അത് തുടരുക തന്നെ ചെയ്യും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് രാഘവ് ചദ്ദയെ നീക്കിയത്. ഇതിനു പിന്നാലെ അശോക് മിത്തലിനെ ഈ സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - I Have Not Failed in Raising Punjab's Issues in Parliament: Raghav Chadha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.