ഗാസിയാബാദിൽ ജുമുഅ നമസ്കാരം തടഞ്ഞ് തീവ്രഹിന്ദുത്വ സംഘടന

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ പ്രദേശത്ത് ജുമുഅ നമസ്കാരം തടസ്സപ്പെടുത്തി തീവ്രഹിന്ദുത്വ സംഘടന. ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് നിലനിൽക്കുന്ന വർഗീയ സംഘർഷങ്ങളുടെ തുടർച്ചയായി 'ഹിന്ദു രക്ഷ ദൾ' പ്രവർത്തകരാണ് പ്രദേശത്തെ പള്ളികൾക്ക് മുന്നിൽ തടിച്ചുകൂടി നമസ്കാരം തടഞ്ഞത്. കനത്ത പൊലീസ് കാവലോടുകൂടെയായിരുന്നു ഹിന്ദുത്വ പ്രവർത്തകർ വർഗീയാന്തരീക്ഷം സൃഷ്ടിച്ചത്.

വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയത്ത് ഹിന്ദു രക്ഷ ദൾ പ്രവർത്തകർ പള്ളികൾക്ക് മുന്നിലെത്തുകയും മുസ്‌ലിം വിരുദ്ധവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്യുകയായിരുന്നു. ഹിന്ദു മഹാസഭ അധ്യക്ഷ റിയ കിന്നറും പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്ഥലത്തെത്തി. "ഒരു ദിവസം നമസ്കാരം ഒഴിവാക്കിയത് കൊണ്ട് ഇവർക്കൊന്നും സംഭവിക്കാൻ പോകുന്നില്ല, ഇവിടെ നമസ്കാരം നടത്താൻ ഞങ്ങൾ അനുവദിക്കില്ല" എന്ന് റിയ കിന്നർ പരസ്യമായി പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം 'കാളി സേന ഉത്തരാഖണ്ഡ്' അധ്യക്ഷൻ ജോഷി മുസ്‌ലിംകൾക്കെതിരെ പരസ്യമായ കൊലവിളിയും വിദ്വേഷ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഡൽഹിയിലെ മുസ്‌ലിംകൾ ഇനി നമസ്കരിക്കാൻ ഭയപ്പെടുമെന്നും വരും ദിവസങ്ങളിൽ എല്ലാ ചൊവ്വാഴ്ചകളിലും ഡൽഹിയിലെ പള്ളികൾക്കുള്ളിൽ കയറി ഹനുമാൻ ചാലിസ ചൊല്ലുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി.

കഴിഞ്ഞ ബക്രീദ് ദിനത്തിലുണ്ടായ തർക്കത്തെ തുടർന്ന് സൂര്യ പ്രതാപ് ചൗഹാൻ (17) എന്ന പ്ലസ് വൺ വിദ്യാർഥി കുത്തേറ്റ് മരിച്ചിരുന്നു. സംഭവത്തിലെ മുഖ്യപ്രതിയായ അസദ് എന്ന യുവാവിനെ പൊലീസ് നേരത്തെ ഏറ്റുമുട്ടലിൽ വധിക്കുകയും പ്രതിയുടെ വീട് പ്രാദേശിക ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും ചെയ്തിരുന്നു. മൂന്ന് മദ്രസകൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു ഭരണകൂടം.

രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രശ്നം ഖോദയിലെ തീവ്രവലതുപക്ഷ സംഘടനകൾ ചേർന്ന് വലിയ രീതിയിൽ വർഗീയ സംഘർഷമാക്കി വഴിതിരിക്കുകയാണുണ്ടായത്. അതിന്റെ തുടർച്ചയെന്നോണമാണ് പള്ളികളിലെ നമസ്കാരങ്ങൾ പ്രവർത്തകർ തടഞ്ഞത്. സമാധാനം നിലനിർത്താൻ പോലീസ് നാട്ടുകാരോട് അഭ്യർഥിച്ചെങ്കിലും, കനത്ത പോലീസ് കാവൽ നിലനിൽക്കെത്തന്നെയാണ് പള്ളികൾക്ക് നേരെ വലതുപക്ഷ സംഘടനകളുടെ ഉപരോധവും ഭീഷണിയും അരങ്ങേറിയത്. പ്രദേശത്ത് ഇപ്പോഴും കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Tags:    
News Summary - Hindu extremist group disrupts Friday prayers in Ghaziabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.