?????, ??????? ?????

പ്രായപൂർത്തിയായവർക്ക് വിശ്വാസവും പങ്കാളിയെയും തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമില്ലേ -സഞ്ജയ് ഭട്ട്

കോഴിക്കോട്: ഹാദിയ കേസിൽ ശക്തമായ പ്രതികരണവുമായി ഗുജറാത്ത് കേഡർ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ട്. ഹാദിയ മതം മാറിയ സംഭവം എൻ.ഐ.എ അന്വേഷണത്തിന് കൈമാറിയ സുപ്രീംകോടതി നടപടിയെയാണ് സഞ്ജീവ് ഭട്ട് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വിമർശിക്കുന്നത്. പ്രായപൂർത്തിയായ ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും വിശ്വാസവും സ്വന്തം പങ്കാളിയെയും തെരഞ്ഞെടുക്കാൻ ഇന്ത്യയിൽ സ്വാതന്ത്ര്യമില്ലേയെന്ന് ഭട്ട് ചോദിക്കുന്നു. ഇക്കാര്യത്തിൽ പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്ക് എന്താണ് കാര്യമെന്നും ഭട്ട് ചൂണ്ടിക്കാട്ടുന്നു. 

ഹാദിയ കേസിൽ 24 വയസുള്ള ഹിന്ദു യുവതിയും 27 വയസുള്ള മുസ് ലിം യുവാവുമാണ് പ്രണയിച്ചു വിവാഹം കഴിച്ചത്. എന്നാൽ, 24 വയസുള്ള ഒരു മുസ്‍ലിം യുവതിയും 27കാരനായ ഒരു ഹിന്ദു യുവാവും ആണ് പ്രണയിച്ച് വിവാഹം കഴിച്ചിരുന്നെങ്കിലോ എന്ന ചോദ്യമാണ് സഞ്ജീവ് ഭട്ട് ജനങ്ങളുടെ മുന്നിൽ ഉന്നയിക്കുന്നത്. 

''24 വയസുള്ള ഒരു മുസ്‍ലിം യുവതിയും 27കാരനായ ഒരു ഹിന്ദു യുവാവും പ്രണയിക്കുന്നു. ഇരുവരും വിവാഹിതരാകുന്നു. യുവതി ഹിന്ദു മതം സ്വീകരിക്കുന്നു. ഇതോടെ യുവതിയുടെ മാതാപിതാക്കള്‍ ഹൈകോടതിയെ സമീപിച്ച് അവള്‍ ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്ന് ഹിന്ദു മതം സ്വീകരിച്ചതാണെന്നും കാമുകന് 'ഗോ രക്ഷക് സംഘ'വുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി കേസ് കൊടുക്കുന്നു. ശേഷം അവളുടെ വിവാഹം റദ്ദ് ചെയ്ത് യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം കോടതി പറഞ്ഞു വിടുന്നു. എന്നാല്‍, അവള്‍ കാമറക്ക് മുഖം കൊടുത്ത്, താന്‍ സ്വന്തമായി പുതിയ പേരും വിശ്വാസവും തെരഞ്ഞെടുത്തതാണെന്നും ഹിന്ദുവായി ജീവിച്ച് മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറയുന്നു.

ഇത് ഒരു ദേശീയ അന്വേഷണം അര്‍ഹിക്കുന്ന കേസ് ആണോ? പ്രായപൂര്‍ത്തിയായവരുടെ പരസ്‍പര സമ്മതത്തോടെയുള്ള ബന്ധത്തില്‍ അന്വേഷണം നടത്താന്‍ പരമോന്നത കോടതി നിര്‍ദേശം നല്‍കേണ്ടതുണ്ടോ? (ഉത്തർപ്രദേശില്‍ 67 കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ ദുരൂഹത നീക്കാന്‍ അന്വേഷണം നടത്തണമെന്ന് ഇതേ കോടതി നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല) വിശ്വാസത്തിന്‍റെ പേരില്‍ നമ്മള്‍ ശിക്ഷിക്കപ്പെടണോ? എന്തിനാണ് കുട്ടികളുടെ ഉടമകള്‍ തങ്ങളാണെന്ന് മാതാപിതാക്കള്‍ കരുതുന്നത്. അവള്‍ എന്തെങ്കിലും ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവളെ ശിക്ഷിക്കണം. അതല്ലെങ്കില്‍ അവള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ആരെയും വിവാഹം ചെയ്യാനും ജീവിക്കാനും അവകാശമുണ്ട്.'' - സഞ്ജീവ് ഭട്ട് കുറിപ്പിൽ വ്യക്തമാക്കുന്നു. 

Full View
Tags:    
News Summary - Hadiya Case: Former Gujarat Cadre IPS Officer Sanjiv Bhatt critisise Supreme Court Verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.