നോട്ടില്‍ ഉടക്കി ജി.എസ്.ടി; കേന്ദ്രത്തിനെതിരെ സംസ്ഥാന ധനമന്ത്രിമാര്‍

ന്യൂഡല്‍ഹി: ചരക്കു സേവനനികുതി സമ്പ്രദായമായ ജി.എസ്.ടിയുടെ കേന്ദ്ര-സംസ്ഥാന മാതൃകാ നിയമങ്ങള്‍ ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പാസാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാറിന് സംസ്ഥാനങ്ങളില്‍നിന്ന് തിരിച്ചടി. സേവനനികുതി പിരിക്കുന്നതിന്‍െറ അവകാശം പങ്കുവെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് കഴിഞ്ഞില്ല. നോട്ട് അസാധുവാക്കല്‍മൂലമുള്ള വരുമാന നഷ്ടത്തിന്‍െറ പേരില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി ഉടക്കി. സമവായസാധ്യത തേടാന്‍ ഈ മാസം 11,12 തീയതികളില്‍ വീണ്ടും ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരും. ശീതകാല പാര്‍ലമെന്‍റ് സമ്മേളനം 16ന് അവസാനിക്കുകയാണ്. കൗണ്‍സിലിന്‍െറ അംഗീകാരം നേടി മാതൃകാ നിയമങ്ങള്‍ പാര്‍ലമെന്‍റിന്‍െറ പരിഗണനക്കുവെക്കുന്നത് കേന്ദ്രസര്‍ക്കാറിന് വെല്ലുവിളിയായിട്ടുണ്ട്. ഇക്കുറി നടന്നില്ളെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ ജി.എസ്.ടി നടപ്പാക്കാനുള്ള ശ്രമം പാളും. 

സേവനനികുതി പിരിവിന്‍െറ കുത്തകാവകാശമാണ് കേന്ദ്രം ചോദിക്കുന്നത്. എന്നാല്‍, ഒന്നരക്കോടിയില്‍ താഴെ വരുമാനമുള്ളവരുടെ നികുതി പിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം കിട്ടണമെന്നാണ് കേരളം, പശ്ചിമ ബംഗാള്‍, യു.പി തുടങ്ങിയ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത് വിട്ടുകൊടുക്കാന്‍ കേന്ദ്രം തയാറല്ല. ഇപ്പോള്‍ സേവനനികുതി പിരിക്കുന്നത് കേന്ദ്രമാണ്. സംസ്ഥാന നികുതി ഉദ്യോഗസ്ഥര്‍ക്ക് നൈപുണ്യം പോരെന്ന വാദം കേന്ദ്രം മുന്നോട്ടുവെക്കുന്നു. നോട്ട് അസാധുവാക്കലിന് മുമ്പുതന്നെ ഈ പ്രശ്നമുണ്ട്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് കടുത്ത വരുമാനമാന്ദ്യം നേരിടുന്ന സംസ്ഥാനങ്ങള്‍ നിലപാട് കര്‍ക്കശമാക്കി. കേരള ധനമന്ത്രി തോമസ് ഐസക്കും പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയുമാണ് കേന്ദ്രവുമായുള്ള ഏറ്റുമുട്ടലിന് ചുക്കാന്‍ പിടിക്കുന്നത്. നികുതിഘടന നിശ്ചയിക്കുന്നതില്‍ അടക്കം ഉദാരമായ നിലപാട് എടുത്ത സംസ്ഥാനങ്ങളോട് കേന്ദ്രം മാന്യത കാണിക്കുന്നില്ളെന്ന് അവര്‍ കുറ്റപ്പെടുത്തി. നോട്ട് അസാധുവാക്കിയതുവഴിയുള്ള വരുമാന നഷ്ടം കണക്കിലെടുക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ളെന്ന് സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി. വരുമാനത്തിനൊപ്പം കേന്ദ്രം നല്‍കേണ്ട നഷ്ടപരിഹാരത്തുകയും കുറയും. നോട്ടുകള്‍ അസാധുവാക്കിയത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താനുള്ള മര്യാദപോലും കേന്ദ്രം കാട്ടിയില്ളെന്ന് ധനമന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. 

വരുമാനനഷ്ടത്തെക്കുറിച്ച ചര്‍ച്ച ജി.എസ്.ടി കൗണ്‍സിലില്‍ ഉയര്‍ത്താന്‍ അധ്യക്ഷനായ ധനമന്ത്രി സമ്മതിച്ചില്ല. പകരം, യോഗം അവസാനിക്കുന്നതിനുമുമ്പ് അര മണിക്കൂര്‍ നീക്കിവെക്കാമെന്ന് അറിയിക്കുകയാണുണ്ടായത്. നോട്ട് അസാധുവാക്കല്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാക്കിയ പ്രയാസം ചൂണ്ടിക്കാട്ടി ധനമന്ത്രിമാര്‍ പൊട്ടിത്തെറിച്ചു. കേരളത്തിന് 40 ശതമാനം വരുമാന നഷ്ടമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി നടപ്പാക്കുന്നതിന് സംസ്ഥാനങ്ങള്‍ എതിരല്ളെന്നും നോട്ട് അസാധുവാക്കിയത് മൊത്തം അന്തരീക്ഷം കലക്കിക്കളഞ്ഞുവെന്നും ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. നേര്‍പകുതി വരുമാന നഷ്ടമാണെന്നും ശമ്പളം നല്‍കാന്‍ കഴിയില്ളെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
Tags:    
News Summary - GST Council meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.