'മേവാനിക്കെതിരായ കേസ് കെട്ടിചമച്ചത്; കോടതി, നിയമ നടപടികളെ ദുരുപയോഗം ചെയ്യുന്നു'; അസം പൊലീസിനെ വിമർശിച്ച് കോടതി

ഗുവാഹത്തി: വനിത പൊലീസ് കോണ്‍സ്റ്റബിളിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ഗുജറാത്ത് എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിക്ക് ജാമ്യം അനുവദിച്ച കോടതി, അസം പൊലീസിനെതിരെ നടത്തിയത് രൂക്ഷ വിമർശനം.

മേവാനിക്കെതിരായ കേസ് കെട്ടിചമച്ചതാണെന്നും കോടതിയുടെയും നിയമത്തിന്റെയും നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്തെന്നും ചൂണ്ടിക്കാട്ടിയിയിരുന്നു ബാർപേട്ട കോടതിയുടെ വിമർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ട്വീറ്റ് ചെയ്‌തെന്ന കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥയെ പൊതുമധ്യത്തില്‍ കൈയേറ്റം ചെയ്‌തെന്ന കേസില്‍ മേവാനിയെ അറസ്റ്റ് ചെയ്തത്.

മേവാനിയെ തടങ്കലില്‍ വെക്കുന്നതിന് വേണ്ടി പൊലീസ് കെട്ടിചമച്ച കേസാണിതെന്ന് ബാര്‍പേട്ട ജില്ല സെഷന്‍സ് ജഡ്ജി അപരേഷ് ചക്രവര്‍ത്തി നിരീക്ഷിച്ചു. നമ്മൾ കഠിനാധ്വാനം ചെയ്ത് നേടിയ ജനാധിപത്യത്തെ പൊലീസ് രാഷ്ട്രമാക്കി മാറ്റുന്നതിനെതിരെ അസം പൊലീസിന് മുന്നറിയിപ്പ് നൽകിയ കോടതി, സംസ്ഥാനത്ത് വർധിച്ചു വരുന്ന പൊലീസ് അതിക്രമങ്ങളെ മുൻനിർത്തി സ്വയംപരിഷ്‌കരണത്തിന് തയാറാവാന്‍ പൊലീസിന് നിർദേശം നൽകണമെന്ന് ഹൈകോടതിയോട് അഭ്യർഥിക്കുകയും ചെയ്തു.

കഠിനാധ്വാനം ചെയ്ത് നേടിയ നമ്മുടെ ജനാധിപത്യത്തെ ഒരു പൊലീസ് രാഷ്ട്രമാക്കി മാറ്റുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. അസം പൊലീസ് ഇതേക്കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ, അത് വികൃതമായ ചിന്തയാണ്. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ബോഡി കാമറകള്‍ ധരിക്കല്‍, അറസ്റ്റ് ചെയ്ത പ്രതിയെ എങ്ങോട്ടെങ്കിലും കൊണ്ടുപോകുന്നുണ്ടെങ്കില്‍ സി.സി.ടി.വിയുള്ള വാഹനങ്ങളിലായിരിക്കുക, പൊലീസ് സ്‌റ്റേഷനുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ പരിഷ്‌കാരങ്ങൾ പൊലീസിന് നിർദേശിക്കുന്നത് ഹൈകോടതി പരിഗണിക്കണം.

നിലവിലുള്ളത് പോലെ തെറ്റായ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് തടയുകയും സംഭവങ്ങളുടെ പൊലീസ് വാദത്തിന് വിശ്വാസ്യത നൽകുകയും ചെയ്യുന്ന കാര്യങ്ങൾ പരിഗണിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മേവാനി തന്നെ കൈയേറ്റം ചെയ്തുവെന്ന പൊലീസുകാരിയുടെ വാദം വിശ്വാസയോഗ്യമല്ലെന്നും കേസ് വ്യാജമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഹൈക്കോടതിക്ക് മുമ്പാകെ വെച്ചത്.

Tags:    
News Summary - Granting Mevani bail, court raps Assam Police for ‘abusing process of court and law’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.