ജമ്മു -കശ്മീർ മുൻ ചീഫ് സെക്രട്ടറി മൂസ റാസ അന്തരിച്ചു

ന്യൂഡൽഹി: പത്മഭൂഷൻ പുരസ്കാര ജേതാവും മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥനുമായ മൂസ റാസ (77) അന്തരിച്ചു. 1937ൽ തമിഴ്നാട്ടിലെ വില്ലുപുരത്ത് ജനിച്ച അദ്ദേഹം 1960ൽ ഗുജറാത്ത് കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായി.

ജമ്മു -കശ്മീർ ചീഫ് സെക്രട്ടറി, ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാനതലത്തിലും കേന്ദ്രതലത്തിലും നിരവധി പ്രമുഖ വ്യവസായ വാണിജ്യ സംരംഭങ്ങളുടെ ചെയർമാൻ/മാനേജിങ് ഡയറക്ടർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചു.

1998ൽ ഏറെ പ്രക്ഷുബ്ദമായ അവസ്ഥയിലാണ് റാസയെ ജമ്മു-കശ്മീർ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നത്. ബാബരി മസ്ജിദ് തകർത്ത പശ്ചാത്തലത്തിലാണ് മൂസ റാസയെ കേന്ദ്ര സർക്കാർ ഉത്തർപ്രദേശ് ഗവർണറുടെ ഉപദേശകനായി അയച്ചത്.

ചെയർമാനായ കാലയളവിൽ ദേശീയ ടെക്‌സ്‌റ്റൈൽസ് കോർപറേഷനെ ലാഭത്തിലാക്കിയതും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തുടർച്ചയായി ഏഴ് വർഷം ഗുജറാത്ത് സ്റ്റേറ്റ് ഫെർട്ടിലൈസർ ലിമിറ്റഡിന് ഉൽപാദനക്ഷമതക്കും സുരക്ഷക്കുമുള്ള ദേശീയ പുരസ്കാരം ലഭിച്ചതും മികവിന് ഉദാഹരണമായി വിലയിരുത്തുന്നു.

2010ൽ രാഷ്ട്രം പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. സർവിസ് കാലയളവിൽ രാഷ്ട്രപതിയുടെ വെള്ളി മെഡൽ, ശിരോമണി അവാർഡ്, ഇന്ദിര പ്രിയദർശിനി അവാർഡ്, ജ്വൽ ഓഫ് ഇന്ത്യ അവാർഡ്, പ്രൈഡ് ഓഫ് ഇന്ത്യ തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സർവിസ് കാല ഓർമകളുമായി ‘നവാബ്സ് ആൻഡ് നൈറ്റിംഗേൽസ്’, ‘കശ്മീർ: ലാൻഡ് ഓഫ് റിഗ്രറ്റ്സ്’ ഖ്വാബെ നതമാം (ഉറുദു കവിത), ഓഫ് ജയന്റ്സ് ആൻഡ് വിൻഡ് മിൽസ് (ആത്മകഥ), ദി സ്മൈൽ ഓൺ സോറോസ് ലിപ്സ്, ജുനിപെർ കോട്ടേജ് ആൻഡ് അദർ സ്റ്റോറീസ്, ‘ഇൻ സെർച്ച് ഓഫ് വൺനെസ്’ (സൂഫി ആത്മീയാനുഭവം) തുടങ്ങി നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചു.

ഇന്ത്യയിലെ 240ലധികം പൊതുമേഖല സ്ഥാപനങ്ങളുടെ പരമോന്നത ബോഡിയായ പബ്ലിക് എന്റർപ്രൈസസിന്റെ സ്റ്റാൻഡിങ് കോൺഫറൻസ് ചെയർമാനായിട്ടുണ്ട്. സർക്കാർ സർവിസിൽനിന്ന് വിരമിച്ചശേഷം നിരവധി വിദ്യാഭ്യാസ, സന്നദ്ധ സംഘടനകളുടെ ഭാഗമായി ശ്രദ്ധേയ സംഭാവനകൾ അർപ്പിച്ചു.

Tags:    
News Summary - Former J-K Chief Secretary Moosa Raza Dies at 87

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.